ബാഹുബലി തരംഗമായതോടെ പ്രേക്ഷകരുടെ ഇഷ്ട ജോടികളാണ് പ്രഭാസും അനുഷ്കയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും പിന്നീട് പ്രചാരണമുണ്ടായി. റാണാ ദഗുപതിയെക്കാള് പ്രഭാസാണ് സെക്സിയെന്ന് അനുഷ്ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആഴം കൂട്ടി. പ്രഭാസും അനുഷ്കയും ഇതിനുമുമ്പും പല ചിത്രങ്ങളിലും ഒന്നിച്ചിട്ടുണ്ട്.
എന്നാൽ, തങ്ങൾ ഇരുവരേയും ചേർത്തുള്ള ഗോസിപ്പുകളിൽ സത്യമില്ലെന്നും സിനിമയിൽ ഒരുമിച്ചഭിനയിച്ചാൽ ഇത്തരം ഗോസിപ്പുകൾ പതിവാണെന്നും പ്രഭാസ് പറഞ്ഞു. ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു പ്രഭാസ് പറഞ്ഞു.
ഉടൻ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും പ്രഭാസ് വ്യക്തമാക്കി. എന്റെ സ്ത്രീ ആരാധകര്‍ പേടിക്കേണ്ട കാര്യമില്ല. തത്കാലം വിവാഹം കഴിക്കുന്നില്ല. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞത്.
സഹോ എന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. അനുഷ്കയെ ആയിരുന്നു ഇതിലും നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണത്താൽ അവർ ഇതിൽ നിന്നും പിന്മാറുകയായിരുന്നു.