ചിരിക്കൂടാരവുമായെത്തിയ ചന്ദ്രലേഖ എന്ന മോഹൻലാൽ ചിത്രത്തിന് ഈ തലമുറയിലും ആരാധകരേറെയുണ്ട്. ചിത്രത്തിൽ ലേഖയുടെ കഥാപാത്രമായെത്തിയ സുന്ദരിയെ അന്നേ മലയാളികൾ നോട്ടമിട്ടിരുന്നു. മലയാളിയുടെ സാധാരണ സൗന്ദര്യ സങ്കൽപങ്ങള്ക്കപ്പുറം നായകനേക്കാൾ ഉയരത്തിൽ മോഡേൺ ലുക്കിലെത്തിയ ആ സുന്ദരിക്കുട്ടിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മലയാളത്തിൽ മൂന്നു ചിത്രങ്ങൾ മാത്രമേ ചെയ്തുവെങ്കിലും പൂജാ ബത്ര എന്ന ആ നായിക ആരാധകരുടെ ഉള്ളം കവരുക തന്നെ ചെയ്തു. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം പുജ ആരാധകരിലേക്കു വീണ്ടും എത്തുകയാണ്, സിനിമയിലൂടെയല്ല തന്റെ ഫേസ്ബുക് പേജിലൂടെയാണെന്നു മാത്രം. നോർവേയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂജാ ബത്ര പങ്കുവച്ചിരുന്നു, ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
യോഗാ പോസിൽ നിൽക്കുന്ന ചിത്രവും നോർവെയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ചിത്രങ്ങളുമൊക്കെ പൂജ പങ്കുവച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം താരത്തെ കണ്ട ആരാധകരൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്, 'എന്തൊരു ഫിറ്റ്നസ്'. വെള്ളിവെളിച്ചത്തിൽ സജീവമായി നിൽക്കുന്നയാളല്ലെങ്കിലും തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ പൂജ മറന്നിട്ടില്ല.