താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യറായ് ബച്ചന്റെയും അവരുടെ കുഞ്ഞുരാജകുമാരി ആരാധ്യബച്ചന്റെയും ജീവിതത്തിൽ ഒരു പുതിയ വിശേഷം കൂടി സംഭവിച്ചിരിക്കുന്നു. കുടുംബത്തിന്റെ സ്വകാര്യതയെത്തുടർന്ന് അവർ രഹസ്യമാക്കിവെച്ചിരുന്ന ആ വിശേഷം അറിഞ്ഞപ്പോൾ ആരാധകർക്കുണ്ടായ സന്തോഷം ചെറുതല്ല. സമ്മർവെക്കേഷന് കുടുംബാംഗങ്ങളോടൊപ്പം ന്യൂയോർക്കിൽ സമയം ചിലവഴിക്കാറുണ്ട് ബച്ചൻ ഫാമിലി.
എന്നാൽ ഇക്കുറി ഐശ്വര്യയുടെ കുടുംബത്തോടൊപ്പം അഭിഷേക് ന്യൂയോർക്കിലെത്തിയത് സ്വന്തം കുടുംബത്തിനായി ന്യൂയോർക്കിലെ മാൻഹട്ടനിൽ വാങ്ങിയ അപ്പാർട്ട്മെന്റിൽ അവധി ആഘോഷിക്കാനായിരുന്നു. ഒരുവർഷം മുമ്പാണ് അവർ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. കുടുംബത്തിന്റെ സ്വകാര്യതെയോർത്ത് അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമേ ഈ വിശേഷം പങ്കുവെച്ചിരുന്നുള്ളൂ.
സെൻട്രൽപാർക്കിലേക്കു മിഴിതുറക്കുന്ന വിശാലമായ അപ്പാർട്ട്മെന്റാണ് താരദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. ദമ്പതികൾ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയെന്നതിനേക്കാൾ ആ അപ്പാർട്ട്മെന്റ് ഡിസൈൻ ചെയ്തത് ഐശ്വര്യ ആണെന്നറിഞ്ഞപ്പോഴാണ് ആരാധകർ അത്ഭുതപ്പെട്ടത്. ദമ്പതികൾ ദുബായിയിൽ വാങ്ങിയ അപ്പാർട്ട്മെന്റും ഡിസൈൻ ചെയ്തത് ഐശ്വര്യയായിരുന്നു. എന്തുകൊണ്ടാണ് ന്യൂയോർക്കിൽ അപ്പാർട്ട്മെന്റ് വാങ്ങിയത് എന്നുചോദിച്ചാൽ അതിനുത്തരം പറയുക അഭിഷേക്ബച്ചനാണ്. താൻ ഐശ്വര്യയെ പ്രോപ്പോസ് ചെയ്തത് ന്യൂയോർക്കിൽ വെച്ചാണെന്നും അതുകൊണ്ട് തനിക്കേറെ പ്രിയപ്പെട്ട സ്ഥലമാണിതെന്നും അഭിഷേക് പറയുന്നു.
ഇതാദ്യമായല്ല വിദേശരാജ്യത്ത് ബച്ചൻ കുടുംബം അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുന്നത്. 2011 ലെ വിവാഹവാർഷികത്തിന് ഭാര്യ ജയാബച്ചന് സമ്മാനമായി സാക്ഷാൽ അമിതാബ് ബച്ചൻ സമ്മാനിച്ചത് ഫ്രാൻസിൽ ഒരു അപ്പാർട്ട്മെന്റാണ്.