നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ആശംസകളുമായി സൂപ്പർതാരം പൃഥ്വിരാജ്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. സുരഭിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു പൃഥ്വിയുടെ പ്രതികരണം.
സുരഭിയുടെ കരിയറിന്റെ തുടക്കക്കാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് ഞാന്‍. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണം- പൃഥ്വി പറഞ്ഞു.
അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വി തന്നെയാണ് എന്നു നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും തന്നെ നിർദ്ദേശിച്ചതെന്ന് സുരഭി പറഞ്ഞു.
എന്നാല്‍ ഈ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം സുരഭിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും മികച്ചൊരു അഭിനേത്രിയായതുകൊണ്ടാണെന്നും പൃഥ്വിരാജ് അതിന് മറുപടിയായി പറഞ്ഞു.