ബോളിവുഡിലെ സൂപ്പര്‍താരം സല്മാന് ഖാന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നല്ല കാലമാണ്. സിനിമകളിലൂടെയും മറ്റ് നിക്ഷേപങ്ങളിലൂടെയുമുള്ള വരുമാനത്തില്‍ നല്ല വര്‍ധനയുമുണ്ട്.
അടുത്തിടെ സല്മാന് ഖാന് മുംബൈയിലെ ബാന്ദ്രയില്‍ വന്‍വില കൊടുത്ത് പ്രോപ്പര്‍ട്ടി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് അതിലൂടെ ലഭിക്കാന്‍ പോകുന്നത് മാസം 80 ലക്ഷത്തിലധികം രൂപയാണ്.
ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്തെ മുടിചൂടാമന്നന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിന് തന്റെ പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് സല്മാന് ഖാന്. ബിഗ് ബസാര്‍ ഗ്രൂപ്പ് ഉള്‍പ്പടെ നിരവധി സംരംഭങ്ങളുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന് നേതൃത്വം നല്കുന്ന കിഷോര്‍ ബിയാനിയുമായി സല്ലുവിനുള്ള പ്രോപ്പര്‍ട്ടി ബിസിനസ് ഇപ്പോള്‍ മുംബൈയിലെ പ്രധാന ചര്‍ച്ചാവിഷയമാണ്.
2,140 സ്ക്വയര്‍ മീറ്റര്‍ കെട്ടിടമാണ് സല്മാന് ഖാന് ലീസിന് നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. 89.6 ലക്ഷം രൂപ വരെ പ്രതിമാസ വാടക ഉയരാനും സാധ്യതയുണ്ട്. ഇതിനു പുറമെ താരത്തിന് 2.6 കോടി രൂപയുടെ ഡെപ്പോസിറ്റും ഫ്യൂച്ചര്‍ ഗ്രൂപ്പ് നല്‍കും.
ഭക്ഷ്യോല്പ്പന്നങ്ങളില് ശ്രദ്ധ വെച്ചുള്ള ഫുഡ്ഹാള്‍ പദ്ധതിക്കായാകും ഫ്യൂച്ചര്‍ ഗ്രൂപ്പ് സല്‍മാന്റെ കെട്ടിടം ഉപയോഗപ്പെടുത്തുക. 120 കോടി രൂപയ്ക്കാണ് സല്മാന് ഖാന് 2012ല്‍ ഈ വമ്പന്‍ കെട്ടിടം സ്വന്തമാക്കിയത്. റിയല്‍ എസ്റ്റേറ്റിലൂടെ മികച്ച വരുമാനം കൊയ്യാനുള്ള ശ്രമത്തിലാണ് താരമെന്നു വേണം കരുതാന്‍. നല്ല കണ്ണായ സ്ഥലത്ത് പ്രോപ്പര്‍ട്ടി വാങ്ങിച്ചിട്ടാല്‍ റിയല്‍ എസ്റ്റേറ്റ് ഇപ്പോഴും നല്ല നിക്ഷേപ അവസരം തന്നെയാണെന്നതാണ് വാസ്തവം.