ഇപ്പോൾ കുറച്ചുകാലമായി ഞാന്‍ മലയാളത്തിൽ സജീവമല്ല. മറ്റു ഭാഷകളിലാണ് അഭിനയിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ മലയാള സിനിമയിലെ അവസ്ഥയെക്കുറിച്ചു വലിയ ധാരണയില്ല. എങ്കിലും, മലയാള സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ ആവശ്യമായ സമയത്തു നടക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം.
അഭിനേതാക്കൾക്കു വളരെ ശക്തമായ സംഘടനയുണ്ട്. അമ്മ എന്ന സംഘടന ശരിയായ തീരുമാനങ്ങളെടുക്കുന്നുമുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളിലും അമ്മ ശരിയായ തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്. സത്യം എന്തായാലും അതിന്റെ കൂടെ സംഘടന നിൽക്കണം എന്നാണ് ആഗ്രഹം. നടീനടന്മാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ അവ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ സംഘടന എടുക്കാറുണ്ട്.
സിനിമയിലെ കഥാപാത്രങ്ങളിൽ ചിലപ്പോൾ പുരുഷന്മാർക്കു കൂടുതൽ പ്രാധാന്യം ഉണ്ടാവാറുണ്ട്. അല്ലാതെ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് എന്തെങ്കിലും അവഗണനയോ വിവേചനമോ നിലവിലുള്ളതായി എനിക്ക് അനുഭവമില്ല. മലയാളത്തിൽ ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെയും സെറ്റിൽ നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. മോശം അനുഭവങ്ങൾ നേരിട്ടവരും ഉണ്ടാവാം. ഇല്ലെന്ന് എനിക്കു പറയാനാവില്ല.