E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നട്ടെല്ലുള്ളവർ വേണം സിനിമ തിരിച്ചുപിടിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

John-Paul ജോൺ പോൾ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എഴുത്തും വായനയും പ്രഭാഷണവും സിനിമ കാണലും പുതിയ കുട്ടികൾക്കു സിനിമാ പാഠങ്ങൾ പകർന്നു നൽകലുമായി ഇന്നും നൂറുശതമാനം സിനമയിൽതന്നെ ജീവിക്കുകയാണ് ഒരുകാലത്തെ ന്യൂജനറേഷൻ തിരക്കഥാകൃത്തായിരുന്ന ജോൺ പോൾ. സിനിമയിലെ തലമുറമാറ്റങ്ങളും സ്നേഹകൂട്ടായ്മകളിലുണ്ടായ വ്യതിയാനങ്ങളും സിനിമകാണലിൽ സംഭവിച്ച മുന്നേറ്റങ്ങളുമെല്ലാം സശ്രദ്ധം വീക്ഷിക്കുകയും അവയെല്ലാം തന്റെ അപാരമായ സിനിമാനുഭവങ്ങളിലൂടെയും ഓർമകളുടെയും തുലാസിലിട്ടുതൂക്കി അഭിപ്രായം സ്വരൂപിക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമാണ്. എഴുത്തിലും സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും ആ തീക്ഷണ നിരീക്ഷണങ്ങൾ നിർലോഭം കടന്നുവരികയും ചെയ്യും. മലയാള സിനിമ എന്തായിരുന്നു, എന്താണ്, എന്താകേണ്ടിയിരിക്കുന്നു എന്നതിൽ ജോൺപോൾ മനസുതുറക്കുന്നു. വന്നു കഴിഞ്ഞ, വരാനിരിക്കുന്ന മാറ്റങ്ങളിൽ, പുതിയ ചെറുപ്പക്കാരിൽ അദ്ദേഹം തീർത്തും പ്രതീക്ഷാ നിർഭരനാണ്.

വാട്സാപ്പ് തുരുത്ത്

തുരുത്തുകളാണു വാട്സാപ്പ് ഗ്രൂപ്പുകൾ. വളരെ സൂക്ഷ്മമായ താൽപര്യങ്ങൾ പങ്കിടുന്ന പത്തോ ഇരുപതോ പേരടങ്ങുന്ന തുരുത്തുകൾ. സിനിമ മുൻപൊക്കെ ഇത്തരം ഒറ്റപ്പെട്ട തുരുത്തുകളിലൂടെ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. തീരെ ചെറിയ സംഘങ്ങൾ തമ്മിൽ, അവരുടെ കുടുംബാംഗങ്ങൾ തമ്മിൽ മാത്രമേ ഇഴയടുപ്പമുള്ള വ്യക്തിബന്ധങ്ങളുണ്ടായിരുന്നുള്ളൂ.ഒരു ചെറു വാട്സാപ്പ് ഗ്രൂപ്പിനുള്ളിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം പോലെ തന്നെ. പൂജയ്ക്കും വിവാഹത്തിനും മരണത്തിനും മാത്രമേ വിപുലമായ കൂടിച്ചേരലുകൾ സിനിമയിൽ സംഭവിക്കാറുണ്ടായിരുന്നുള്ളൂ.

കെ.പി. കൊട്ടാരക്കരയുടെ ഒരു സിനിമയുമായി ബന്ധപ്പെട്ടു ഞാൻ പ്രവർത്തിക്കുന്നതിനിടെ ഓണമെത്തി. ആ സിനിമയിലെ തീരെച്ചെറിയ വേഷം ചെയ്യുന്ന ഒരു കലാകാരി ഞങ്ങളെ തിരുവോണത്തിനു വീട്ടിലേക്കു ക്ഷണിക്കുന്നു. സാധാരണ വീട്. അവിടെ അതിഥിയായിട്ടല്ല, ആതിഥേയനായി പ്രേംനസീറാണു ഞങ്ങളെ എതിരേറ്റത്. നസീർ അന്നു കത്തി ജ്വലിച്ചു നിൽക്കുന്ന തെന്നിന്ത്യൻ താരമാണെന്നോർക്കണം.

പക്ഷേ അദ്ദേഹം അന്നവിടെ മുൻപേയെത്തി കുഞ്ഞുങ്ങൾക്കു സമ്മാനങ്ങൾ നൽകുകയും അവരുമായി ഒരുമിച്ചിരുന്ന് ഓണസദ്യ വിളമ്പുവാൻ വരെ മുന്നിട്ടുനിൽക്കുകയും ഏറെ നേരം നാട്ടുവിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുകയും ചെയ്തു. ഇത്തരം സന്ദർശനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ പോലെ അവിടെയും ഇവിടെയുമൊക്കെ നടന്നിട്ടുണ്ടാകാം. പക്ഷേ, ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു ഏറെയും. ഇപ്പോഴും അപൂർവങ്ങളിൽ അപൂർവങ്ങളായി നടക്കുന്നുണ്ടാകാം. 

തോൽക്കാതിരിക്കാൻ, ഞങ്ങൾ

സാമൂഹികമായ വലിയ ഇടപഴകൽ സംഭവിക്കുന്നതു പിന്നെ ആ കാലഘട്ടത്തിലെ പുതുവസന്തത്തിന്റെ സന്ദേശവാഹകർ എന്നു പറയാവുന്ന ഭരതൻ, പത്മരാജൻ, മോഹൻ, ബാലുമഹേന്ദ്ര, കെ.ജി. ജോർജ് തുടങ്ങിയ സിനിമാക്കാരുടെ ഇടയിലാണ്. അതിൽ ഭാഗഭാക്കാകുവാൻ എനിക്കും ഭാഗ്യവും സുകൃതവുമുണ്ടായി. ആഘോഷങ്ങളോ ദുഃഖങ്ങളോ വരുമ്പോൾ മാത്രം ഉണ്ടാകേണ്ടവയല്ല യഥാർഥ കൂട്ടായ്മകളെന്നും കലാകാരൻമാരുടെ പ്രഫഷനൽ ജോലികളിൽ പോലും അതുണ്ടാകണമെന്നും കരുതുന്ന ഒരു തലമുറ പെട്ടെന്നു വളർന്നുവന്നു.

ചെന്നൈയിലെ ന്യൂ വുഡ്‌ലാൻഡ്സ് ഹോട്ടലിലാണ് ഞാനന്നു താമസിച്ചിരുന്നത്. ഞാൻ ഭരതനു വേണ്ടി തിരക്കഥയെഴുതുമ്പോൾ അടുത്ത മുറിയിൽ പത്മരാജൻ ഇരുന്നു മോഹന്റെ തിരക്കഥയിൽ പണിയെടുക്കുന്നുണ്ടാകും. കെ.ജി. ജോർജ് തൊട്ടടുത്ത മുറിയിൽ സ്വന്തം തിരക്കഥ അഴിച്ചുപണിയുന്നുണ്ടാകും. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഏതെങ്കിലും ഒരു മുറിയിൽ ഒത്തുചേരും.

എഴുതിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ഏതെങ്കിലും ഒരു തിരക്കഥയിൽ ഒരു തടസ്സം വന്നിട്ടുണ്ടെങ്കിൽ അതെങ്ങനെ ശരിയാക്കി കഥ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നതിനെപ്പറ്റി തലപുകഞ്ഞു ചർച്ച ചെയ്യും. തമാശകൾക്കും പാട്ടുകൾക്കും ആഘോഷങ്ങൾക്കുമൊപ്പം ഇത്തരമൊരു ആശയപരമായ കൊടുക്കൽവാങ്ങലുകൾ കൂടി നടന്നിരുന്നു. പരസ്പരം മൽസരിച്ചിരുന്നപ്പോൾ തന്നെ ഞങ്ങൾ പ്രതിനിധീകരിച്ചിരുന്ന ഒരു സിനിമാ സംസ്കാരം തോറ്റുപോകരുതെന്ന ചിന്തയായിരുന്നു ഈ കൂട്ടായ്മയുടെ അന്തഃസത്ത. 

പങ്കിട്ടു രസിച്ച ക്രിയേറ്റിവിറ്റി

മൽസരമുണ്ടായിരുന്നപ്പോഴും ക്രിയേറ്റിവിറ്റി ഞങ്ങൾ പരസ്പരം പങ്കിട്ടിരുന്നു. അതിൽ രസിച്ചിരുന്നു. അരവിന്ദൻ ചെന്നൈയിലുണ്ടെങ്കിൽ ഈ സംഘത്തിലേക്കെത്തുമായിരുന്നു. മറ്റൊരു തലമുറയിൽപ്പെട്ടയാളായിരുന്നെങ്കിലും നിർബന്ധപൂർവം ഈ കൂട്ടായ്മയിൽ വന്നിരുന്നയാളാണ് അടൂർഭാസി. പിന്നെ ഗോപി, വേണു തുടങ്ങിയവരും. സിനിമയെന്ന വഞ്ചി ഒരുമിച്ചു തുഴയുന്നവർ പരസ്പരം തുഴയഭ്യാസമുറകൾ പങ്കിട്ടു തുഴച്ചിൽ കൂടുതൽ ആവേശപൂർണമാക്കുക എന്നതായിരുന്നു ഇതിന്റെയെല്ലാം കാതൽ.

ബാലചന്ദ്രമേനോനിലൂടെയും സത്യൻ അന്തിക്കാടിലൂടെയും ഒക്കെ ഇത് അടുത്ത തലമുറകളിലേക്കും പടർന്നിരുന്നു. ഇടയ്ക്കെപ്പോഴോ അതു നഷ്ടപ്പെടുകയും പരസ്പരമുള്ള അവിശ്വാസം അമരത്തെത്തുകയും തുഴയെറിച്ചിലിന്റെ താളബോധം ചിതറിത്തെറിക്കുകയും ചെയ്തു. അതും അപചയത്തിന്റെ തുടക്കം. 

സംഘടന കള്ളമല്ല

ഇത്തരം സിനിമാ കൂട്ടായ്മകളെ സംഘാതവൽക്കരിക്കുന്നതിൽ മാക്ട എന്ന സംഘടന അതിന്റെ ആദ്യ കാലത്തു നൽകിയതു വലിയ സംഭാവനയായിരുന്നു. ഇപ്പോൾ സംഘടനകളെ എല്ലാവരും തള്ളിപ്പറയുന്നുവെങ്കിലും അതു സംഘടനാ സ്വഭാവത്തിന്റെ കുഴപ്പമല്ല, മറിച്ചു സംഘടനയ്ക്കുള്ളിൽ അതിന്റെ ദുരുപയോഗം നടത്തിയ വ്യക്തികളുടെ പ്രശ്നമാണ്. മാക്ട മലയാള സിനിമാ പ്രവർത്തകർക്കു ദേശീയ തലത്തിൽ നൽകിയ അഭിമാനം വലുതായിരുന്നു.

ജോഷി ഓടിക്കുന്ന ഒരു കാറിൽ മുൻപിലത്തെ സീറ്റിൽ അടൂർ ഗോപാലകൃഷ്ണനും പുറകിലെ സീറ്റിൽ ഹരിഹരനും ടി.വി. ചന്ദ്രനും പവിത്രനുമൊക്കെ ഒരുമിച്ചിരുന്ന് ഒരു ചടങ്ങിൽ വന്നിറങ്ങുന്നതിലെ പുതുമ അല്ലെങ്കിൽ തനിമ അന്ന് എല്ലാവരെയും ആകർഷിച്ചിരുന്നു. ‘അമ്മ’ സംഘടന രൂപീകരിച്ചു കഴിഞ്ഞു ധനശേഖരണാർഥമുള്ള ആദ്യ ഷോയുടെ റിഹേഴ്സൽ ക്യാംപ് നടക്കുന്നു.

അതു നടത്താനും റിഹേഴ്സൽ കോ ഓർഡിനേറ്റ് ചെയ്യാനും അഞ്ചാറു പേരെ വിട്ടുനൽകണമെന്ന് ‘അമ്മ’ ആവശ്യപ്പെട്ടതു മാക്ടയോടാണ്. മാക്ടയിലെ സംവിധായകർ പോയാണതു ചെയ്തു കൊടുക്കുന്നത്. മാക്ടയുടെ ഒരു ചടങ്ങു നടത്തിയാൽ അമ്മയുടെ ആളുകൾ വന്നിരിക്കും. നിർമാതാക്കളും വിതരണക്കാരും വരും. തിരിച്ചും പോകുമായിരുന്നു. വലിയ ഹൃദയൈക്യം സംഘടനകൾക്കിടയിൽ ഉണ്ടായിരുന്നു.

പിളർത്തിയില്ല, വളർത്തി

കുറേ വർഷങ്ങൾ മുൻപു തിയറ്റർ ഉടമകളും വിതരണക്കാരും തമ്മിൽ വലിയ തർക്കമുണ്ടായി. സിനിമാ സമരം പ്രഖ്യാപിക്കപ്പെട്ടു. അന്നു മാക്ട പറഞ്ഞു, സമരത്തിനിറങ്ങും മുൻപു നമുക്കൊന്ന് ഒരുമിച്ചിരിക്കാം. അമ്മയുടെ ഭാഗത്തുനിന്നു മധു, നെടുമുടി, ടി.പി. മാധവൻ, സോമൻ തുടങ്ങിയവരും മാക്ടയിൽ നിന്നു ഞങ്ങൾ നാലഞ്ചാളും അവരുടെ പ്രതിനിധികളുമായി രണ്ടു ദിവസം ഒരുമിച്ചിരുന്നു. പ്രശ്നം പരിഹരിച്ചു.

സമരം പിൻവലിക്കപ്പെട്ടു. ഈ വലിയ മേഖലയെ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാം, സിനിമാരംഗത്തെ പുതിയ മാറ്റങ്ങളുമായി അംഗങ്ങളെ എങ്ങനെ പരിചയപ്പെടുത്താം, സംഘർഷാത്മകമായ പ്രശ്നങ്ങൾ എങ്ങനെ അതിജീവിക്കാം, പരസ്പരം എങ്ങനെ തണലാകാം എന്നായിരുന്നു സംഘടനകളുടെ അന്നത്തെ ചിന്ത. ഇന്ത്യ മുഴുവൻ അന്നു കേരളത്തിലെ സിനിമ പ്രവർത്തകരുടെ ഈ കൂട്ടായ്മയെ ശ്രദ്ധിച്ചിരുന്നു.

പക്ഷേ, എവിടെ വച്ചോ അതൊക്കെ കൈമോശം വരികയും വ്യക്തികളുടെ ഈഗോ പ്രശ്നങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. മുൻവിധികൾ കടന്നുവരാൻ തുടങ്ങി. എല്ലാ സംഘടനകളുടെയും വളർച്ചയ്ക്കിടയിൽ സമാന്തരമായി വളരുന്ന കാൻസറായിരുന്നു അത്. അതാണു വലിയ തകർച്ചയിലേക്കു നയിച്ചത്. പ്രബലൻമാർ നാലഞ്ചുപേരുണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കുന്നതാണു സുരക്ഷിതം എന്ന നില വന്നു. സിനിമയോടുണ്ടായിരുന്ന സ്നേഹം സിനിമയിലെ അവസരങ്ങളോടുള്ള, അതുവഴി കുമിഞ്ഞുകൂടാവുന്ന പണത്തോടുള്ള സ്നേഹമായി മാറി. 

എല്ലാം ‘പണ’തന്ത്രം

പണ്ടൊരു ചിത്രം നിർമിക്കുമ്പോൾ അതു തിയറ്ററിലെത്തി ജനങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് അവർ ടിക്കറ്റു വാങ്ങാൻ വേണ്ടി മുടക്കുന്ന കാശു സമാഹരിച്ചു വേണമായിരുന്നു വിതരണക്കാരനും നിർമാതാവിനും മുടക്കുമുതലും ലാഭവും കിട്ടാൻ. ഇന്നതു വേണമെന്നില്ല. സിനിമാരംഗത്തിന്റെ ജനിതകത്തിൽ തന്നെ വലിയൊരു രാസമാറ്റം സംഭവിച്ചു. പടം ഇറങ്ങുന്നതിനു മുൻപു തന്നെ പല തരം അവകാശങ്ങൾ കച്ചവടമാക്കി തന്റെ മുടക്കുമുതലും ലാഭവും കിട്ടിയെന്നു പറയുന്ന നിർമാതാക്കൾ രംഗപ്രവേശം ചെയ്തു. 

പടം ഒരു ദിവസം പോലും തിയറ്ററിൽ ഓടിയില്ലെങ്കിൽ അവർക്കൊരു ചുക്കും സംഭവിക്കാനില്ല. അങ്ങനെയുള്ള ഒരു സിനിമ റിലീസിനു മുന്നേ ലാഭം നേടി എന്നു പറയുമ്പോൾ നഷ്ടത്തിലാകുന്നതു യഥാർഥ സിനിമയുടെ ആത്മാവാണ്. ആ നിർമാതാക്കൾക്കു സിനിമയോടും പ്രേഷകനോടും എന്ത് ആത്മാർഥത ഉണ്ടാകും. 

 മമ്മൂട്ടി ഉണ്ടായത്

ഒരു നടൻ അല്ലെങ്കിൽ നടി നാലു കോടി പ്രതിഫലം വേണമെന്നു പറയുമ്പോൾ അവരില്ലാതെ സിനിമയെടുക്കണമെങ്കിൽ എന്റെ സിനിമയിൽ എനിക്ക് അപാരമായ ആത്മവിശ്വാസം വേണം. അങ്ങനെ സിനിമയെടുക്കാൻ നട്ടെല്ലുള്ള സംവിധായകരുണ്ടായിരുന്നതു കൊണ്ടാണു മമ്മൂട്ടിയും മോഹൻലാലും ജയനും സോമനും സുകുമാരനും ഇവിടെ സംഭവിച്ചത്. പ്രേം നസീറും തിക്കുറിശിയും ഉണ്ടായത്. 

പത്മരാജനും ഹരി പോത്തനും നട്ടെല്ലുണ്ടായിരുന്നതു കൊണ്ടാണ് ‘അപരൻ’ എന്ന ചലച്ചിത്രം വരുന്നതും ജയറാം നടനാകുന്നതും. ആ ആർജവവും ശക്തിയും നമ്മുടെ സിനിമയ്ക്കു നഷ്ടപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ നിന്ന് എത്ര മാത്രം ചുരമാന്തിയെടുക്കാം എന്നാണ് ഓരോരുത്തരും നോക്കുന്നത്. പണം എല്ലാറ്റിന്റെയും മാനദണ്ഡം ആകുമ്പോൾ മാനുഷിക മൂല്യങ്ങൾക്കു പിന്നെയവിടെ സ്ഥാനമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന തലമുറയ്ക്കും കൊടുക്കേണ്ട മാന്യത അപ്പോൾ കൊടുത്തില്ലെന്നും വരും. 

മികവിന്റെ ആരവമുയരട്ടെ

‘ആരവം’ കാലഘട്ടത്തിനു മുൻപേ പിറന്ന ചിത്രമായിരുന്നു. ജനം തള്ളി. എട്ടുനിലയിൽ പൊട്ടി എന്നു തന്നെ പറയാം. പക്ഷേ, ഭരതൻ അടുത്ത പടം എടുത്തത് അതേ കലാകാരൻമാരെ തന്നെ വച്ചിട്ടാണ്. പ്രതാപ് പോത്തൻ, നെടുമുടി വേണു, ക്യാമറാമാൻ അശോക് കുമാർ. ഒരു വ്യത്യാസവുമില്ല. ആ ചിത്രം, ‘തകര’ സൂപ്പർഹിറ്റായി. ആരവം ചെയ്ത സംവിധായകന്റെ പടമല്ലേ എന്നു കരുതി തകരയ്ക്ക് ഒരു തിയറ്ററുകാരനും തിയറ്റർ കൊടുക്കാതിരുന്നില്ല. ഒരു അന്ധവിശ്വാസത്തിനു മുന്നിലും ഭരതൻ തലകുനിച്ചുമില്ല. 

സ്വന്തം ജന്മം കൊടുത്തിട്ടാണ് ഒരാൾ സിനിമയുമായി വരുന്നതെന്ന ബഹുമാനം അന്നു കാണികളും തിയറ്ററുകാരും വിതരണക്കാരും നിർമാതാക്കളും കൊടുത്തിട്ടുണ്ട്. പക്ഷേ, ഇന്നു കോട്ടകൊത്തളങ്ങൾ സ്വന്തമാക്കാനുള്ള ഒരു കൊള്ളക്കാരന്റെ മനസ്സായിപ്പോയി എല്ലാവർക്കും. അതാണ് ഏറ്റവും വലിയ അപചയം. 

ഇപ്പോൾ നടീനടൻമാരുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രാഥമിക താൽപര്യം കലാപരമായ പ്രകാശനത്തിന്റെ അപ്പുറത്തു സിംഹാസനങ്ങൾ സ്വന്തമാക്കുകയും അതിലൂടെ അടുത്ത സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്നതിന്റെ ഇരട്ടി വാങ്ങുകയും ചെയ്യുകയെന്നതാണ്. സിനിമയെ കാണേണ്ട വിധത്തിലല്ല സിനിമക്കാർ കാണുന്നത്. പിന്നെങ്ങനെ സമൂഹം കാണും. 

 പുതുനാമ്പുകളുയരും

ഈ തിരിച്ചടികൾക്കിടയിലും മലയാള സിനിമയിൽ വലിയ പൊളിച്ചെഴുത്തുകൾ നടക്കുന്ന കാലം കൂടിയാണിത്. സംവിധായകനും തിരക്കഥാകൃത്തും ക്യാമറാമാനും മനസ്സിൽ ഒരു ആശയവുമായി ഒരു ഗ്രാമത്തിലേക്കു പോകുകയാണ്. അവിടെയുള്ള ആളുകളോട് ഇതാണു നിങ്ങൾ ക്യാമറയ്ക്കു മുന്നിൽ പറയേണ്ടത് എന്നു പറഞ്ഞു ചർച്ചയാണു പിന്നെ. അവരെ അഭിനയിപ്പിച്ചു നോക്കുന്നു. അങ്ങനെ സാധാരണക്കാരന്റെ സംഭാഷണം ഉപയോഗിച്ചാണു രാജീവ് രവി, ദിലീഷ് പോത്തൻ പോലുള്ളവർ സിനിമ ചെയ്യുന്നത്. 

മനോഹരമായ സാങ്കേതികത്തികവോടെയാണവർ സിനിമകൾ പൂർത്തീകരിക്കുന്നതും. പുതിയ ഭാവുകത്വം പരീക്ഷിക്കുകയാണ്. അതു ജനം കാണുകയും സിനിമ ലാഭമുണ്ടാക്കുകയും ചെയ്യുന്നുമുണ്ട്. കമ്മട്ടിപ്പാടവും അങ്കമാലി ഡയറീസും തൊണ്ടിമുതലും ദൃക്സാക്ഷിയുമെല്ലാം ഇക്കാലത്ത് അങ്ങനെ ചെയ്ത പടങ്ങളാണ്. സിനിമ എന്നത് ആദിമധ്യാന്തങ്ങളോടു കൂടി സംഭവബഹുലവും ജടിലവുമായ കഥപറച്ചിൽ ആയിരുന്ന കാലം മാറുകയാണ്. 

താരങ്ങളേക്കാൾ പ്രധാനം തങ്ങളെടുക്കുന്ന സിനിമയാണെന്നു കരുതുന്ന സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടെയും ഒരു തലമുറ ഉണ്ടായിരിക്കുന്നു. പുതുമഴ പെയ്യുമ്പോൾ കിളിർക്കണമെങ്കിൽ മണ്ണിനടിയിൽ വിത്തുകൾ കിളിർക്കാൻ പാകത്തിൽ ഉണ്ടായിരിക്കണം. ആ വിത്തു നടുന്ന കർമമാണ് ഇപ്പോഴുള്ള സിനിമാ പ്രവർത്തകർ ചെയ്യുന്നത്. വരാനിരിക്കുന്ന തലമുറ മഴയായി പെയ്താൽ ഇവിടെ പുതിയ നാമ്പുകൾ ഉണ്ടാകുക തന്നെ ചെയ്യും. ഉണ്ടായേ മതിയാകൂ.

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :