E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:00 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രദർശനം തുടരുന്നു, ക്രൈം സ്റ്റോറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

adholam-movies
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എംജിആർ തമിഴിൽ സൂപ്പർതാരമായി തിളങ്ങിനിന്ന കാലത്ത് അദ്ദേഹത്തെ ആരാധകരിൽനിന്നു ‘രക്ഷിക്കാൻ’ സിനിമയിലെ സ്റ്റണ്ടു മാസ്റ്ററുടെ സംഘങ്ങൾ കൂടെപ്പോകുമായിരുന്നു. താരാരാധനയ്ക്കു പരിധികളില്ലാത്ത തമിഴ്നാട്ടിലെ സ്ഥിതിയായിരുന്നില്ല കേരളത്തിലേത്. ഇവിടെ അങ്ങനെയൊന്നും താരങ്ങൾക്കു പേടിക്കാനില്ലായിരുന്നു. ആരാധകർക്കിടയിലും സുരക്ഷിതരായിരുന്നു നമ്മുടെ താരങ്ങൾ.

ഇപ്പോഴും ആ സ്ഥിതിയിൽ വലിയ മാറ്റമില്ല. കേരളത്തിൽ ഒരു താരത്തെപ്പോലും ജനം ആക്രമിച്ചതായി നമ്മൾ കേൾക്കാത്തത് അതുകൊണ്ടാണ്. ആരാധകർ കൂടുന്ന സ്ഥലത്തു ചില അസൗകര്യങ്ങൾ ഉണ്ടാകുമെന്നു മാത്രം. അത്തരം സ്ഥലത്തെല്ലാം പൊലീസോ സംഘാടകരോ തിരക്കു നിയന്ത്രിക്കാറുമുണ്ട്. എന്നിട്ടും, ഇന്നത്തെ മലയാള സിനിമയിലേക്കു കടന്നുവന്ന ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ഒരു വേഷം ബോഡിഗാർഡിന്റേതാണ്. സുരക്ഷയൊരുക്കൽ എന്ന ഒറ്റജോലിയിൽ തീരുന്നില്ല അവരുടെ റോൾ. പല ഭാഗങ്ങൾ ഭംഗിയായി അഭിനയിക്കുന്ന കൊടുംനടന്മാരാണ് അവരിൽ പലരും.

സിനിമയിൽ മാഫിയ പിടിമുറുക്കിയ ചില രംഗങ്ങളിലൂടെ...

സീൻ 1 - ഇഷ്ടം

മലയാള സിനിമയുമായി ഗുണ്ടാ സംഘങ്ങൾക്ക് അടുത്ത ബന്ധം വരുന്നത് 1990കളിലാണ്. അതിനു തുടക്കമിട്ടത് അന്നത്തെ ഒരു നടന് ഗൾഫ് ഷോയ്ക്കിടെയുണ്ടായ ഒരു ‘ഇഷ്ടം’. നായകനു തോന്നിയാൽ പിന്നെ അതു സാധിച്ചു കൊടുക്കാൻ എന്തുവിലകൊടുത്തും രംഗത്തിറങ്ങുന്ന സഹായി സംഘമുണ്ട്. അവർ ഏതോ ചില മാഫിയാ സംഘവുമായി ബന്ധപ്പെട്ട് ഇഷ്ടം സാധിച്ചുകൊടുത്തു.

നാട്ടിലെത്തിയ ശേഷം നടനെത്തേടി ഒരു ദിവസം ഫോൺ വിളിയെത്തി. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയുടേതായിരുന്നു കോൾ. ഗൾഫിൽ കൂടെനിന്നവർ എല്ലാം ചിത്രീകരിച്ചിരുന്നുവെന്നും ഇരയായ സ്ത്രീ ആത്മഹത്യയ്ക്കൊരുങ്ങുകയാണെന്നും പറഞ്ഞു വിലപേശൽ തുടങ്ങി. വൻതുകയാണ് ആവശ്യപ്പെട്ടത്. ഒടുവിൽ ചില ഇടനിലക്കാരുടെ സഹായത്തോടെ കുറച്ചു ലക്ഷങ്ങൾ എറിഞ്ഞു താരം തലയൂരി.

നായകന്മാർക്കു വേണ്ടതെല്ലാം എത്തിച്ചുകൊടുക്കാനുള്ള പിണിയാളുകളായി എത്തിപ്പെട്ടവരിൽ കൊടുംക്രിമിനലുകളുമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവം. വെള്ളിത്തിരവഴി വെള്ളം ഒരുപാടൊഴുകിയെങ്കിലും കാര്യങ്ങൾക്കു മാറ്റമൊന്നുമില്ല. നായകന്റെ ഇംഗിതമാണ് നിയമം. നായകനെ ചുറ്റിപ്പറ്റിയാണ് എല്ലാം നീങ്ങുന്നത്. അതിന് അൽപം ഗുണ്ടായിസമൊക്കെ ആകാം.

ബ്ലാക്ക് മെയിലിങ് സിനിമാ ലോകത്തു പുതിയ കാര്യമല്ല, അണിയറയ്ക്കുള്ളിൽ കാലങ്ങളായി നടന്നു വരുന്നതാണ്. പക്ഷേ, നാണക്കേടു ഭയന്ന് ആരും പുറത്തു പറയാറില്ലെന്നു മാത്രം.

സീൻ 2 - ബോഡിഗാർഡ്

മോഹൻലാൽ നായകനായ ‘ഛോട്ടാ മുംബൈ’ എന്ന സിനിമയിൽ, സിനിമാ ചിത്രീകരണത്തിനെത്തുന്ന നടി ഷക്കീലയ്ക്കു സംരക്ഷണമൊരുക്കാൻ ബോഡിഗാർഡുകൾ കാവൽ നിൽക്കുന്ന രംഗമുണ്ട്. ഈ കാവൽക്കാർ ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയുമൊക്കെ സ്ഥിരം കാഴ്ചയാണ്. ലോക്കൽ ഗുണ്ടകളുടെ പിരിവും കാഴ്ചക്കാരുടെ തള്ളിക്കയറ്റവും ഒഴിവാക്കാനാണു സിനിമാക്കാർ ഗുണ്ടകളെ സംരക്ഷണത്തിനു വിളിക്കുന്നത്. തടിമിടുക്കു മാത്രമാണ് ഇവിടെ ജോലിക്കുള്ള മാനദണ്ഡം. ആളുകൾക്കു കേട്ടുപരിചയമുള്ള ഒരു ഗുണ്ടയെങ്കിലും സംഘത്തിൽ ഉണ്ടാകണമെന്നേയുള്ളൂ.

പ്രാദേശികമായ എതിർപ്പുകൾ ഒഴിവാക്കുന്നതിനു ഗുണ്ടകളുടെ മതിൽ തീർക്കുന്ന പതിവ് ആലപ്പുഴ ജില്ലയിൽ സജീവമാണ്. ഹർത്താൽ ദിനത്തിൽ ഗുണ്ടാ സഹായത്തോടെ ചിത്രീകരണം നടക്കുന്നതും. ഇങ്ങനെ സംരക്ഷണമൊരുക്കാൻ കയറിക്കൂടുന്ന ഗുണ്ടകളിൽ തലയിൽ ആൾത്താമസമുള്ളവൻ ചിത്രീകരണ സ്ഥലത്തെ ഏതെങ്കിലും പ്രധാനിയുമായി ബന്ധം സ്ഥാപിക്കും. അതൊരു പിടിവള്ളിയാണ്. അതുവഴി കയറിപ്പോകും മുകളിലേക്ക്. അങ്ങനെ സ്വന്തം ബിസിനസിനും എതിരാളികളെ ഒതുക്കാനും ഗുണ്ടകളെ ആവശ്യമുള്ള സിനിമാക്കാരുടെ അടുപ്പക്കാരായി അവർ മാറുകയും ചെയ്യും.

ഒരു താരത്തിന്റെ അനൗദ്യോഗിക ബോഡിഗാർഡായി ജോലിചെയ്യുന്ന ചെറുപ്പക്കാരൻ എറണാകുളത്തെ പൊലീസ് നിരീക്ഷണത്തിലുള്ള ആളാണ്. നേരത്തെ പല കേസുകളിലും പ്രതിയുമായിരുന്നു. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ബോഡിഗാർഡിനെ നിയോഗിച്ചതും. ഈയിടെ താരങ്ങൾ മാത്രം ഒത്തുചേർന്ന യോഗത്തിലും ബൗൺസേഴ്സ് എന്നറിയപ്പെടുന്ന ബോഡിഗാർഡുകളെ നിയോഗിച്ചു. സാധാരണക്കാരൻ കടന്നുവരാത്ത ഹോട്ടലിലാണു യോഗം നടന്നത്. അവിടെ തിക്കും തിരക്കുമില്ലായിരുന്നു. എന്നിട്ടും യോഗസ്ഥലത്ത് ഇവരുടെ സാന്നിധ്യം പ്രകടമായിരുന്നു.

താരങ്ങളുടെ അടുത്തേക്കു ബോർഡി ഗാർഡ് എത്തുന്നതോടെ അവരുമായി ബന്ധപ്പെട്ട പലരും പതുക്കെ എത്തിത്തുടങ്ങും. താരങ്ങളുടെ അധോലോക ബന്ധത്തിന്റെ കണ്ണിയാണ് ബോഡിഗാർഡ്.

സീൻ 3 - സുന്ദരഗില്ലാ‍ഡി

ശരീരത്തിന്റെയും മുഖത്തിന്റെയും സൗന്ദര്യവും സ്റ്റൈലും കാത്തുസംരക്ഷിച്ചു സുന്ദരഗില്ലാഡികളായി തുടരാൻ നമ്മുടെ നടീനടന്മാർ സ്ഥിരമായി കയറിച്ചെല്ലുന്ന മൂന്നു കേന്ദ്രങ്ങളുണ്ട് – ഹെൽത്ത് ക്ലബ്, ബ്യൂട്ടി പാർലർ, ബുട്ടീക്. സിനിമയിലേക്ക് എൻട്രി പ്രതീക്ഷിക്കുന്ന ഏതൊരാളും ഈ മൂന്നു കേന്ദ്രങ്ങളിലും കൂടെക്കൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കും. സിനിമയുടെ അധോമേഖലകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവരും ഈ കേന്ദ്രങ്ങളിൽ സജീവമായിരിക്കും.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി തന്നെയാണ് ഇതിനുള്ള ഉദാഹരണം. സുനി സിനിമയുമായി നിരന്തരം ബന്ധം പുലർത്താൻ സൂക്ഷിച്ച കണ്ണികളിലൊന്ന് കൊച്ചിയിലെ ഒരു ബുട്ടീക് ആണ്. ഈ ബുട്ടീക് നടത്തിപ്പുകാരിയുമായി സാമ്പത്തിക ഇടപാടും സുനിക്കുണ്ടായിരുന്നു. സുനിയിൽനിന്നു ലക്ഷങ്ങൾ കടംവാങ്ങിയിരുന്നെന്നും തിരിച്ചുകൊടുത്തെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതുമാണ്. മലയാള സിനിമയിലെ ചില നടിമാർ ഈ ബുട്ടീക്കിലെ പതിവുകാരായിരുന്നു. നടിമാരെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയിൽ ചെയ്ത ചരിത്രമുള്ള പ്രതി, നടിമാർ സ്ഥിരം വന്നുപോകുന്ന ബുട്ടീക്കുമായി ബന്ധം പുലർത്തിയത് എന്തിനെന്ന് ഊഹിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

ഹെൽത്ത് ക്ലബുകളാണ് സിനിമയിലേക്കുള്ള ഗുണ്ടകളുടെ മറ്റൊരു പ്രധാന റിക്രൂട്ടിങ് സെന്റർ. കൊച്ചിയിലാണ് ഇത്തരം ഹെൽത്ത് ക്ലബുകൾ ഏറെയുള്ളത്. വൈറ്റില ഭാഗത്തെ ഒരു ഹെൽത്ത് ക്ലബ് കൊച്ചിയിലെ സിനിമാ ബന്ധമുള്ള ഒരുപാട് ക്വട്ടേഷൻ ഗുണ്ടകളുടെ സംഗമ കേന്ദ്രമാണ്. കൊച്ചിയിൽ താമസിക്കുന്ന നടൻമാരിൽ നല്ലൊരു പങ്ക് ഈ ഹെൽത്ത് ക്ലബുമായി ബന്ധപ്പെടുന്നു. ഇവിടത്തെ പരിചയമാണ് പിന്നീടു ക്വട്ടേഷൻ ബന്ധങ്ങളിലേക്കു വളരുന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടൊന്നും പേരു പറഞ്ഞു കേൾക്കാത്ത പ്രമുഖ നടൻ പോലും അംഗരക്ഷകനെ തിരഞ്ഞെടുത്തത് ഈ ഹെൽത്ത് ക്ലബിൽനിന്നാണ്. അമേരിക്കൻ ബോക്സിങ് താരമായ ടൈസന്റെ പേരു ചേർത്തു വിളിപ്പേരുള്ള, പറവൂർ സ്വദേശിയായ ഗുണ്ടയായിരുന്നു അംഗരക്ഷകൻ. അടിപിടിക്കേസിൽ ഗുണ്ടാ ജീവിതം തുടങ്ങിയ ഇയാൾക്ക് കൊച്ചിയിലെ ഒട്ടുമിക്ക ഗുണ്ടകളുമായും നല്ല ബന്ധം. ഒരു ന്യൂജനറേഷൻ സംവിധായകന്റെ ഗ്യാങ്സ്റ്റർ കഥ പറയുന്ന സിനിമയിൽ പ്രമുഖ നടന്റെ അംഗരക്ഷകനായി വേഷമിട്ടിട്ടുമുണ്ട് ഇയാൾ.

ഗുണ്ടാനേതാവ് ഭായ് നസീറിന്റെ വലംകൈയായിരുന്ന ഇംതിയാസ് ഗുണ്ടാപ്പകയിൽ കൊല്ലപ്പെട്ടപ്പോൾ, ഇംതിയാസിന്റെ മൃതദേഹം ഏറ്റുവാങ്ങാനുൾപ്പെടെ മുന്നിൽ നിന്നത് ഇയാളായിരുന്നു. ഇതോടെയാണു പൊലീസ് ഇയാളുടെ നീക്കങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. തന്റെ അംഗരക്ഷകൻ പൊലീസിന്റെ നിരീക്ഷണത്തിലുള്ളയാളാണെന്നു ബോധ്യപ്പെട്ടതോടെ നടൻ ഇയാളെ ഒഴിവാക്കി.

സീൻ 4 - സ്പീഡ്

മലയാള സിനിമയിലെ മറ്റൊരു അധോലോകവേഷമാണ് ഷൂട്ടിങ് യൂണിറ്റുകൾക്കായി ഓടുന്ന വാഹനങ്ങളുടെ ചില ഡ്രൈവർമാർ. പ്രത്യേകിച്ച് പരിചയ സമ്പത്തൊന്നുമില്ലാതെ ആർക്കും ചെയ്യാവുന്ന ജോലി. ആരുടെയെങ്കിലും ശുപാർശയുടെ ബലത്തിൽ ഷൂട്ടിങ് ലൊക്കേഷനിൽ ഡ്രൈവറായി കടന്നു കൂടും. പിന്നീട് എല്ലാം മിടുക്കു പോലിരിക്കും. ഗുണ്ടായിസം മുതൽ ലഹരി വിൽപന വരെ നടത്തുന്നവർ ഡ്രൈവർമാരായി ഷൂട്ടിങ് സെറ്റുകളിൽ വിലസുന്നു.

പൾസർ സുനി ഇതു പോലൊരു ഡ്രൈവർ ആയിരുന്നു. കൊച്ചിയിലെ നിർമാതാവിനെ സോപ്പിട്ട് അദ്ദേഹത്തിന്റെ ഡ്രൈവറായി തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ടു വിശ്വാസം ആർജിച്ചു, മിടുക്കനെന്നു പേരെടുത്തു.

അങ്ങനെയിരിക്കെ ഒരിക്കൽ സുനിയുടെ തനിനിറം പുറത്തു വന്നു. സിനിമയിൽ അഭിനയിക്കുന്നതിനു കൊച്ചി സൗത്ത് റയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു നടി മേനക. രാത്രി മേനകയെ സ്വീകരിക്കാൻ സുനി ഏർപ്പെടുത്തിയ ഡ്രൈവർ കാറിനുപകരം വാനുമായാണ് എത്തിയത്. വാനിൽ കയറാൻ മേനക ആദ്യം മടിച്ചു. ഭർത്താവും നിർമാതാവുമായ സുരേഷ്‌കുമാറിനെ വിളിച്ചു പറഞ്ഞശേഷം വാനിൽ കയറി.

അഞ്ചു മിനിറ്റ് യാത്ര ചെയ്‌താൽ മേനക താമസിക്കേണ്ട ഹോട്ടലിലെത്താം. പക്ഷേ, ഹോട്ടലിലേക്ക് തിരിയുന്നതിനു പകരം വേറെ ദിശയിലേക്കാണ് വാൻ പായിച്ചത്. അതോടെ മേനക ബഹളം വയ്‌ക്കുകയും ഭർത്താവിനെ വിളിച്ചു പറയുകയും ചെയ്‌തു. പക്ഷേ, ഡ്രൈവർ അത് അവഗണിച്ച് വാൻ ബൈപാസിലേക്ക് ഓടിച്ചു കൊണ്ടുപോയി ജംക്‌ഷനിൽ നിർത്തിയിട്ടു. ഇതിനിടെ സിനിമയുടെ നിർമാതാവിനെ സുരേഷ് വിളിച്ചു പറഞ്ഞതോടെ അദ്ദേഹം മറ്റൊരു കാറിൽ ബൈപാസിലെത്തി.

നിർമാതാവിന്റെ കാർ ദൂരെ കണ്ടതോടെ വാൻ ഡ്രൈവർ, വാഹനം ഓടിച്ച് സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിലേക്കു പോയി, അവിടെ മേനകയെ ഇറക്കി വിട്ട ശേഷം സ്‌ഥലം വിട്ടു. മേനകയ്‌ക്ക് അവിടെ മുറി പറഞ്ഞിട്ടില്ലായിരുന്നു. അതൊരു തട്ടിക്കൊണ്ടു പോകൽ ശ്രമം ആയിരുന്നുവെന്ന് അതോടെ എല്ലാവർക്കും ബോധ്യമായി.

സുരേഷ്‌കുമാർ പിറ്റേന്നു കൊച്ചിയിലെത്തി കേസ് കൊടുത്തു. തന്റെ സ്വന്തം ഡ്രൈവർ ആണ് ഇത് ആസൂത്രണം ചെയ്‌തതെന്നു പിന്നീടാണ് കൊച്ചിയിലെ നിർമാതാവിനു വിവരം ലഭിച്ചത്. മറ്റൊരു യുവനടിയെ തട്ടിക്കൊണ്ടു പോവുകയെന്ന ഉദ്ദേശ്യത്തോടെയാണ് അവർ റയിൽവേസ്‌റ്റേഷനിൽ എത്തിയതെന്നും വലയിൽ വീണതു മേനകയായിരുന്നുവെന്നും പിന്നീട് നിർമാതാവ് മനസിലാക്കി.

ഇതേ സംഘം വേറൊരു യുവനടിയെയും മുൻപ് ഉപദ്രവിച്ച് പണം തട്ടിയിരുന്നു. മറ്റു രണ്ടുപേരെ ഉപദ്രവിക്കാൻ ശ്രമവും നടത്തി. അന്നത്തെ ഈ കേസുകൾ കാര്യമായി അന്വേഷിച്ചു പ്രതിയെ പൂട്ടിയിരുന്നുവെങ്കിൽ ഇപ്പോഴത്തേതടക്കം പിൽക്കാലത്തെ പല അനിഷ്‌ട സംഭവങ്ങളും ഒഴിവാക്കാമായിരുന്നു.

അരക്കള്ളൻ, മുക്കാൽക്കള്ളൻ 

ഈയിടെ സൂപ്പർഹിറ്റായ സിനിമയിൽ പൊലീസിനു മുൻപിൽ ബൈക്കിൽ എത്തപ്പെടുന്ന ഫ്രീക്കനായി അഭിനയിച്ച യുവാവിനെ സിനിമ പുറത്തിറങ്ങുന്നതിനു മുൻപു മാലമോഷണപരമ്പര കേസിൽ പൊലീസ് പൊക്കി. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത് എന്ന തവള അജിത്ത് സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ, 56 പേരുടെ സ്വർണമാല മോഷ്ടിച്ചിരുന്നു. 100 പവൻ സ്വർണമാണ് അജിത് ഉൾപ്പെടെയുള്ള ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തതിലൂടെ പൊലീസ് കണ്ടെടുത്തത്.

മാല മോഷണത്തിന് അജിത്തിന്റെ പ്രധാന കൂട്ടാളി ആരായിരുന്നെന്ന് അറിയണ്ടേ? കൊച്ചിയിൽ കാറിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ സുഹൃത്ത് വിഷ്ണു. കാക്കനാട് ജില്ലാ ജയിലിൽ സുനിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വിഷ്ണുവിന് ജയിലിൽ എത്തും മുൻപു തന്നെ സുനിയെ പരിചയമുണ്ടായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

മാല പൊട്ടിച്ചു വിൽപന നടത്തി കിട്ടിയ പണംകൊണ്ട് ആഡംബര ജീവിതമാണ് അജിത്തും വിഷ്ണുവുമുൾപ്പെടെ നയിച്ചിരുന്നത്. ഗോവയിലെയും മുംബൈയിലെയും പബ്ബുകളായിരുന്നു പ്രധാന താവളം. ഒരിക്കൽ, ഗോവയിൽ വഴിവിട്ടകാര്യങ്ങൾക്കു ചെലവഴിച്ചതു പത്തു ലക്ഷം രൂപയാണെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. ഇതിനു പുറമേ, മുന്തിയ ബൈക്കുകൾ വാങ്ങുന്നതിലും ബൈക്ക് റേസിങ്ങിലുമായിരുന്നു ഭ്രമം. ഇത്രയും ക്രിമിനൽ പശ്ചാത്തലമുള്ള കക്ഷിയാണ് ഒരു മുഖ്യധാരാ സിനിമയിൽ അഭിനയിക്കാനുള്ള ധൈര്യം കാണിച്ചത്. 

നാളെ: നുരയുന്ന ലഹരി, നിറയുന്ന കള്ളപ്പണം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :