നിറഞ്ഞ പുഞ്ചിരിയോടെ, ചടുലതയാർന്ന ചുവടുവെപ്പോടെ ആ നടി നടന്നു വരുന്നതു കണ്ടാൽ ആരെങ്കിലും പറയുമോ പ്രായം അമ്പതു കടന്ന താരമാണ് അതെന്ന്. ഒരുകാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന ശ്രീദേവിയുടെ താരത്തിളക്കത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. യുവനടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് ഓരോ തവണയും ശ്രീദേവി പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ 'മോം' എന്ന ഹിന്ദി സിനിമയുെട പ്രചരണാർഥം ഒരു ചടങ്ങിനെത്തിയ ശ്രീദേവിയുടെ ലുക്കാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
സാരിയിൽ അന്നും ഇന്നും ശ്രീദേവിയെ വെല്ലാൻ ആരുമില്ലെന്നാണ് ആരാധകരുടെ വാദം. അതിനെ ശരിവെക്കും വിധത്തിലാണ് ശ്രീദേവി കടന്നുവന്നതും. സബ്യസാചി ഡിസൈൻ ചെയ്ത തൂവെള്ള നിറത്തിലുള്ള ഫ്ലോറൽ സാരിയിൽ ശ്രീദേവി ചെറുപ്പക്കാരികളായ നടിമാരേക്കാള് ഹോട്ട് ആയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. മഞ്ഞനിറത്തിലുള്ള റോസാപുഷ്പങ്ങൾ പ്രിന്റ് ചെയ്ത വെള്ള സാരി ധരിച്ചെത്തിയ ശ്രീദേവിയിൽ നിന്നും കണ്ണെടുക്കാൻ തോന്നാതെ നിൽക്കുകയായിരുന്നു കാഴ്ചക്കാർ.
ഒറ്റനോട്ടത്തിൽ തന്നെ ഹോട്ട് ആൻഡ് സെക്സി എന്നു തോന്നിപ്പിച്ച ശ്രീദേവി പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലളിതമായൊരു സ്ലീവ്ലെസ് ബ്ലൗസും കല്ലു പതിപ്പിച്ച ചോക്കർ നെക്ലസും വെള്ളി നിറത്തിലുള്ള ചെരിപ്പുമെല്ലാം താരത്തിന്റെ ലുക്ക് ഇരട്ടിയാക്കി. ബൺ ഉപയോഗിച്ചു മുടി പുറകിലേക്കു കെട്ടി മിനിമൽ മേക്അപ്പിൽ എത്തിയ ശ്രീദേവി ഒരേസമയം സിംപിളും എലഗന്റുമായി കാണപ്പെട്ടു.
1989ൽ ചാന്ദ്നി എന്ന ചിത്രത്തിൽ തൂവെള്ള സാരിയിൽ സുന്ദരിയായി വന്നു യുവാക്കളുടെ ഹൃദയങ്ങളിലേക്കിറങ്ങിയ ആ താരം വീണ്ടും വീണ്ടും തന്റെ ലുക്കു കൊണ്ട് ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.