മലയാളികളുടെ പുതിയ കാല വർത്തമാനത്തിന്റെ സംഭാവനയാണ് തേപ്പ് എന്ന വാക്ക്. പറ്റിച്ചു കടന്നുകളയുന്നതിനെ തേപ്പ് എന്നാണു വിശേഷിപ്പിക്കുന്നത്. ആ വാക്കു വച്ച് ഇതാ ഒരു ചലച്ചിത്ര ഗാനമായി തന്നെ എത്തിയിരിക്കുന്നു. ഫഹദ് ഫാസിൽ പാടിയഭിനയിച്ച പാട്ട് രസകരമാണ്. ഇന്നലെ യുട്യൂബിലെത്തിയ ഗാനം ഇതിനോടകം വൈറലുമായി. റോൾ മോഡൽസ് എന്ന ചിത്രത്തിലേതാണു പാട്ട്. ട്രോളൻമാരും പാട്ടിനെ ഏറ്റെടുത്തു കഴിഞ്ഞു.
തേച്ചില്ലേ പെണ്ണെ...തേച്ചില്ലേ പെണ്ണേ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ...
നമിത പ്രമോദും ഫഹദ് ഫാസിലും വിനയ് ഫോർട്ടുമാണ് പാട്ടിന്റെ രംഗത്തിലുള്ള പ്രധാന താരങ്ങൾ. വലിയൊരു സംഘത്തിനൊപ്പം തനി നാടന്‍ ശൈലിയിലുള്ള വരികളെ സ്റ്റൈലൻ രീതിയിൽ ഫഹദ് പാടിയഭിനയിക്കുന്നതു കാണാനും കേൾക്കാനും ഒരുപോലെ രസകരമാണ്. ഫഹദിന്റെ മുഖഭാവവും വരികളിലെ കുസൃതിയുമാണ് പാട്ടിലെ പ്രധാന ആകർഷണം. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. സംഗീതം ഗോപി സുന്ദറും. ഗോപി സുന്ദറിനൊപ്പം നിരഞ്ജ് സുരേഷും ചേർന്നാണീ പാട്ട് പാടിയത്.