എം.ടിയുടെ രണ്ടാമൂഴം അതേ പേരില്‍ തന്നെയായിരിക്കും മലയാളത്തില്‍ സിനിമയാക്കുകയെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. എന്നാല്‍ മറ്റു ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക. ചിത്രത്തെ കുറിച്ച് വിശദീകരിക്കാന്‍ നിര്‍മാതാവും സംവിധായകനും ബുധനാഴ്ച പ്രധാനമന്ത്രിയെ കാണും.
ആയിരം കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിനിമയുടെ പേരിനെ ചൊല്ലി കേരളത്തിലുണ്ടായ വിവാദങ്ങളെ പേടിച്ചല്ല മലയാളത്തില്‍ രണ്ടാമൂഴം എന്ന് പേര് നല്‍കുന്നതെന്ന് സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന് പറഞ്ഞു, എം.ടിയുടെ രണ്ടാമൂഴം മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്. അതിനാലാണ് ചിത്രത്തിന് രണ്ടാമൂഴം എന്ന പേര് നല്‍കുന്നത്. എംടിയുടെ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയുള്ള മഹാഭാരതം എന്ന പേരിലായിരിക്കും മറ്റു ഭാഷകളില്‍ സിനിമ ഇറങ്ങുകയെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. മഹാഭാരതം എന്ന പേരിടുന്നതിനോട് ഉയര്‍ന്ന എതിര്‍പ്പുകളെ ഒറ്റപ്പെട്ട അഭിപ്രായം ആയി മാത്രമാണ് കാണുന്നത്.
ചിത്രത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരുന്നതായി നിര്‍മാതാവ് ബി.ആര്.ഷെട്ടി വെളിപ്പെടുത്തി. സിനിമയെ കുറിച്ച് വിശദീകരിക്കാന്‍ നിര്‍മാതാവും സംവിധായകനും ബുധനാഴ്ച പ്രധാനമന്ത്രിയെ കാണും.
നൂറു ദിവസത്തിനകം ചിത്രത്തിന്റെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തും. അടുത്ത വര്‍ഷം മെയ് മാസത്തോടെ ചിത്രീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അബുദാബിയിലായിരിക്കും ആദ്യഘട്ട ചിത്രീകരണം. 2020ല്‍ രണ്ടു ഭാഗങ്ങളായി ചിത്രം തിയറ്ററിലെത്തുമെന്നും ഇരുവരും അറിയിച്ചു.