"കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്" എന്ന ഫേസ്ബുക്ക് പോസ്റ്റാണ് അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയെ ചർച്ചാവിഷയമാക്കിയത്. സംവിധായകൻ രോഹിത്ത് തന്നെയാണ് സ്വന്തം സിനിമയെക്കുറിച്ച് ഈ പോസ്റ്റിട്ടതെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെയും സിനിമയുടെയും നിസ്സഹായാവസ്ഥ വ്യക്തമാകുന്നത്. രോഹിത്തിനെയും സിനിമയെയും പിന്തുണച്ച് ഒരുപാട് പേരും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ചിത്രത്തിലെ നായികയായ ഭാവനയും ഫേസ്ബുക്ക് വിഡിയോയിലൂടെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു കൂട്ടം നവാഗതരുടെ പ്രയത്നഫലമാണ് ചിത്രമെന്നു ഭാവന വിഡിയോയിൽ പറയുന്നു. വളരെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളാണ് ചിത്രത്തിൽ. പ്രമോഷൻസ് കുറവായിരുന്നു. ചിത്രത്തെ വിജയിപ്പിക്കാൻ സോഷ്യൽമിഡിയയിലും മറ്റും പലരും നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കണം. പുതുതായി വരുന്ന സംവിധായകർക്കും എഴുത്തുകാർക്കും വലിയൊരു പ്രചോദനമായിരിക്കും അത്. എല്ലാവരും ചിത്രം തിയറ്ററിൽ പോയി കാണണം. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം പിന്തുണയ്ക്കുക. - ഫേസ്ബുക്ക് വിഡിയോയിൽ ഭാവന പറയുന്നു.