ചലച്ചിത്ര താരം രജനികാന്തിനെതിരെ തമിഴ് അനുകൂല സംഘടനയായ തമിഴര്‍ മുന്നേട്ര പടയുടെ പ്രതിഷേധം. പോയസ് ഗാര്‍ഡനില്‍ രജനികാന്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രജനികാന്ത് ഉടന്‍ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് സൂചന.
തമിഴര്‍ മുന്നേട്ര പട നേതാവ് വീരലക്ഷ്മിയും 35 ഓളം പ്രവര്‍ത്തകരുമാണ് രജനികാന്തിന്റെ പോയസ് ഗാര്‍ഡിനിലെ വസതിയിലേയ്ക്ക് പ്രതിഷേധവുമായി എത്തിയത്. കന്നടക്കാരനായ രജനികാന്ത് തമിഴക രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരുന്നതിനെതിരെയാണ് സമരം. പൊലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രജനികാന്ത് ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന. രജനി ബിജെപിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ആണ് രജനി നരേന്ദ്രമോദി കൂടിക്കാഴ്ച്ച ഉടനുണ്ടാകുമെന്ന സൂചനകള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇക്കാര്യം രജനിയുടെ അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.