ചലച്ചിത്ര പ്രേമികളുടെ ഹരമായ ബാഹുബലിയുടെയും അതിലെ കഥാപാത്രങ്ങളുടെയും പേരിൽ ഭക്ഷണ പദാർഥങ്ങൾ തീൻ മേശയിലേക്ക്. ന്യൂ സിദ്ധാപുത്തൂർ ബി.കെ.രങ്കനാഥൻ സ്ട്രീറ്റിലെ ഒരു ഹോട്ടലിലാണ് (രാജാസ് കഫെ ) ബാഹുബലി ദോശയും കട്ടപ്പ ദോശയും തീൻമേശയിൽ നിറയുന്നത്. ഇവ കൂടാതെ ബാഹുബലി മട്ടൺ ബിരിയാണി, ബല്ലാലദേവ ചിക്കൻ ബിരിയാണി, അവന്തിക വെജിറ്റബിൾ ഫ്രൈഡ് റൈസ്,ദേവസേന ചപ്പാത്തി,കട്ടപ്പ മീൽസ് എന്നിവയുമുണ്ട്.
മിക്ക വിഭവങ്ങളും കോംപോസായാണ് നൽകുന്നത്. ബാഹുബലി മട്ടൺ ബിരിയാണിയോടൊത്ത് ചിക്കൻ ലോലിപോപ്പാണ് കോംപോസ് ഓഫറിലുള്ളത്. ദേവസേന ചപ്പാത്തിയോടൊത്ത് മുട്ട മസാല, അവന്തിക വെജിറ്റേറിയൻ ഫ്രൈഡ് റൈസിനോടൊത്ത് മഷ്റൂം പെപ്പർ ഫ്രൈ, ബല്ലാലദേവ ചിക്കൻ ബിരിയാണിയോടൊത്ത് പൊരിച്ച മീൻ എന്നിങ്ങനെയാണ് കോംപോസ് ഓഫറുകൾ.
ബാഹുബലിയുടെ പ്രചാരണാർഥം കോംപോസ് ഓഫറുകൾ വില കുറച്ചാണു നൽകുന്നതെന്ന് കടയുടമ പറയുന്നു. നേരത്തെ കബാലി സിനിമ പുറത്തിറങ്ങിയപ്പോഴും അതേ പേരിലുള്ള ഭക്ഷണപദാർഥങ്ങൾ ഹോട്ടലിൽ തയാറാക്കിയിരുന്നു. അന്ന് ജനങ്ങളിൽ നിന്ന് മികച്ച സഹകരണമാണു ലഭിച്ചതത്രെ. കബാലി പെറോട്ട ഇപ്പോഴും ഹോട്ടലിൽ ലഭ്യമാണ്. കടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബാഹുബലി വിഭവങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയതും ബാഹുബലിയുടെ ചിത്രത്തോടു കൂടിയതുമായ ബോർഡ് ജനശ്രദ്ധയാകർഷിക്കുന്നുണ്ട്. ബാഹുബലി സിനിമ ദയവായി തിയറ്ററിൽ കാണണമെന്ന അഭ്യർഥനയും ബോർഡിലുണ്ട്.