നമ്മളുടെ കോളജ് ഓർമകളിലേക്കു നയിക്കുന്ന പാട്ടുകളോടു പ്രത്യേക ഇഷ്ടമാണല്ലോ എല്ലായ്പ്പോഴും. ചങ്ക്സ് എന്ന ചിത്രത്തിലുമുണ്ട് അങ്ങനെയൊരു പാട്ട്. ബിടെക് പിള്ളേരുടെ ചങ്കായി മാറും ചങ്ക്സിലെ പാട്ട് എന്നുറപ്പാണ്. പ്രത്യേകിച്ച് മെക്കാനിക് എഞ്ചിനീയറിങ് പഠിച്ചവർക്ക്. അവരുടെ വികൃതികളെ കുറിച്ചുള്ളതാണീ ഗാനം. ചങ്ക്സിന്റെ പ്രൊമോ ഗാനത്തിന്റെ ലിറികൽ വിഡിയോയാണു പുറത്തിറങ്ങിയത്.
പാട്ടിന്റെ ദൃശ്യങ്ങളിൽ കോളജ് കുമാരനായി ധർമജൻ ബോൾഗാട്ടിയും കൂടി എത്തുന്നതുകൊണ്ട് പാട്ട് കാണാനും കേൾക്കാനും ഒരുപോലെ ആവേശം തോന്നും. സ്റ്റൈൽ ലുക്കിൽ ഹണി റോസുമുണ്ട്.
കിളികൾ വന്നില്ല എന്നു തുടങ്ങുന്ന ഗാനം ദിനു മോഹൻ വരികളെഴുതി ജുബൈർ മുഹമ്മദ് സംഗീതമിട്ടു പാടിയതാണ്. സുമേഷ് പരമേശ്വറിന്റെ ഗിത്താർ വായനയാണു പാട്ടിന്റെ വരികളുടെ രസികത്വം അതേപടി കേൾവിക്കാരിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. ഗിത്താറുകളാണല്ലോ വാദ്യോപകരണങ്ങള്ക്കിടയിൽ നിന്ന് ക്യാംപസുകളുടെ പ്രിയപ്പെട്ടതായി മാറിയതും.
ഹാപ്പി വെഡ്ഡിങിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണു ചങ്ക്സ്.