സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ’ദി മോസ്റ്റ് എലിജിബിള്‍ ബാച്ചിലർ’ എന്നറിയപ്പെടുന്ന പ്രഭാസ് ഉടൻ തന്നെ വിവാഹിതനാകുമെന്ന് റിപ്പോർട്ടുകൾ. ബാഹുബലി 2 വിനുവേണ്ടി ഇത്രയും കാലം വിവാഹം നീട്ടിക്കൊണ്ടുപോകുകയായിരുന്നു താരം. ഏകദേശം 600 ദിവസത്തോളമായിരുന്നു ബാഹുബലിയുടെ ഷൂട്ട്. ചിത്രങ്ങള്‍ക്കുവേണ്ടി നായകന് നീക്കി വച്ചത് 5 വര്‍ഷമായിരുന്നു. ബാഹുബലി എന്ന കഥാപാത്രത്തിനുവേണ്ടി 22 കിലോയാണ് പ്രഭാസ് വര്‍ധിപ്പിച്ചത്്. ശിവുദു എന്ന കഥാപത്രത്തിനായി 82 കിലോയും പിന്നീട് ബാഹുബലിയ്ക്കായി 105 കിലോയും വര്‍ധിപ്പിച്ചു.
എന്നാലിപ്പോൾ ചിത്രത്തിന്റെ റിലീസിങ്ങിന് തൊട്ടുപിന്നാലെ തന്നെ താരത്തെ വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും. ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഷ്കയുമായി പ്രഭാസ് വിവാഹിതനാകാനൊരുങ്ങുന്നു എന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഔദ്യോകികമായി ആരും തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.
37 കാരനായ പ്രഭാസിനായി വധുവിനെ വീട്ടുകാര്‍ കണ്ടെത്തി കഴിഞ്ഞെന്നും വിവാഹതീയതി ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ പ്രഭാസ് വിവാഹക്കാര്യം വ്യക്തമാക്കുമെന്നാണ് സൂചന. എന്നാൽ ബാഹുബലിയെയും ദേവസേനയെയും നെഞ്ചേറ്റിയ പ്രേക്ഷകർ പറയുന്നു. അനുഷ്ക തന്നെയാകട്ടെ വധുവെന്ന്.