എന്തോ എഴുതാൻ വന്നതാണ്. ‘ഞങ്ങൾ’ എന്നെഴുതിക്കഴിഞ്ഞപ്പോൾ ബാക്കി മറന്നു. അതോ അബദ്ധത്തിൽ ടൈപ്പ് ചെയ്തതോ!
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് ട്വീറ്റ് അബദ്ധം പറ്റിയത്. ‘We’ (ഞങ്ങൾ) എന്നു മാത്രമെഴുതിയായിരുന്നു ട്രംപിന്റെ അബദ്ധ ട്വീറ്റ്. പോരേ പൂരം! എന്തെങ്കിലും കിട്ടാൻ നോക്കിയിരിക്കുന്ന സമൂഹമാധ്യങ്ങൾ അതങ്ങ് ഏറ്റെടുത്തു. പലരും വാക്യം പൂരിപ്പിച്ചു. തമാശയെഴുതി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ സഹായികളിലൊരാൾ #We എന്ന ഹാഷ്ടാഗ് തന്നെ തുടങ്ങി സംഗതി വലിയ ആഘോഷമാക്കി. ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഒരുമിച്ച് കുതിരസവാരി നടത്തുന്നതിന്റെ ചിത്രമുണ്ടാക്കി പോസ്റ്റ് ചെയ്താണ് ചില വിരുതന്മാർ രസിച്ചത്. ചിത്രത്തിനു താഴെ ഇങ്ങനെ എഴുത്തും: ഞങ്ങൾ ഒറ്റക്കെട്ടാണ്!