തന്റെ സ്വപ്നസാക്ഷാൽക്കാരത്തിനായി അഞ്ചു വർഷം കൂടെ നിന്ന പ്രഭാസിനെ എത്ര പ്രശംസിച്ചാലും രാജമൗലിയ്ക്കു മതിവരില്ല. അത്രയ്ക്കു കടപ്പാടുണ്ട് പ്രഭാസിനോട്. താങ്ക് യു ഡാർലിങ് എന്നാണ് രാജമൗലി ട്വിറ്ററിൽ കുറിച്ചത്. വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. എപ്പോൾ കണ്ടാലും സംസാരം സിനിമയെക്കുറിച്ചു മാത്രം. പലപ്പോഴും രാത്രി വൈകിയും ചർച്ച നീളും.
രാജമൗലിയ്ക്കു യുദ്ധം പ്രമേയമാക്കി ഒരു സിനിമയെടുക്കണമെന്നുള്ള ആഗ്രഹം പ്രഭാസിനറിയാം. അങ്ങനെയാണ് പ്രഭാസിനെ മാത്രം മനസിൽ കണ്ടുകൊണ്ട് ബാഹുബലി എന്ന കഥാപാത്രം രൂപംകൊണ്ടത്. തിരക്കഥ പൂർത്തിയായ ശേഷം ഒന്നര വർഷത്തെ ഡേറ്റ് ചോദിച്ചപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടിയെന്നു രാജമൗലി പറയുന്നു. ഒന്നര വർഷം കൊണ്ട് ഈ സിനിമ തീരില്ലെന്നായിരുന്നു പ്രഭാസിന്റെ മറുപടി. ഇതിനു മൂന്നര വർഷമെങ്കിലും എടുക്കുമെന്നും അത്രയും വർഷം താൻ മറ്റൊരു ചിത്രത്തിലും അഭിനയിക്കില്ലെന്നും പ്രഭാസ് പറഞ്ഞു. മറ്റു കഥാപാത്രങ്ങളെയെല്ലാം പിന്നീടാണ് തീരുമാനിച്ചതെന്നും രാജമൗലി പറയുന്നു.