എടിഎം മെഷീനെന്നു കേട്ടാൽ പണം പോകുമോ എന്നു പേടിക്കുന്ന മലയാളിക്കു മുന്നിൽ നിറയെ പണവുമായി ഒരു എടിഎം എത്തുന്നു. കമ്മിഷനും പോകില്ല, സർവീസ് ചാർജും പോകില്ല. പകരം ഓരോ ചോദ്യത്തിനും ശരി ഉത്തരം ശരി ഉത്തരം നൽകിയാൽ ഉടനടി പണം. നാടെങ്ങും കറങ്ങി നടക്കുന്ന ഇത് ഏതെങ്കിലും ബാങ്കിന്റെ എടിഎം ആണെന്നു തെറ്റിദ്ധരിക്കേണ്ട, എടിഎം മെഷീനെ കേന്ദ്രബിന്ദുവാക്കി മഴവിൽ മനോരമ ഒരുക്കുന്ന ഗെയിം ഷൊയാണ് ‘ഉടൻ പണം’.
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് എടിഎം ശ്രദ്ധാ കേന്ദ്രമാക്കി ഒരു ഗെയിം ഷോ ഒരുക്കുന്നത്. ഒരു പിടി ചോദ്യങ്ങളും നിറയെ കാശുമായിയാണ് കേരളത്തിലെ പ്രേക്ഷകർക്കിടയിലേയ്ക്ക് കാന്റർ വാനിൽ ഒരുക്കിയ ഈ ഓട്ടോമാറ്റിക് ടെല്ലർ മെഷീൻ എത്തുന്നത്. കോളേജ്, മോൾ, ബീച്ച്, ബസ്റ്റാന്റ്, തുടങ്ങി ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് ഉടൻ പണം എടിഎം എത്തുക.
ആൾക്കൂട്ടത്തിൽ നിന്നും മത്സരിക്കാനായി മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത് ആയിരം മുതൽ അഞ്ച് ലക്ഷം രൂപവരെ ലഭ്യമാകുന്ന ചോദ്യങ്ങളാണ്. മത്സരിക്കുന്നവർക്കായി രണ്ട് ലൈഫ് ലൈനുമുണ്ട്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ചേർന്നാണ് കാശു നിറച്ച ഈ എ ടി എമ്മുമായി പ്രേക്ഷകർക്കിടയിലേക്കു എത്തുന്നത്.
പ്രേക്ഷകർക്ക് കൈനിറയെ കാശ് സമ്മാനിക്കാനായി എത്തുന്ന ഈ എടിഎമ്മിന്റെ ലൊക്കേഷൻ മഴവിൽ മനോരമ ഫേസ് ബുക്ക് പേജിലൂടെ മുൻകൂട്ടി അറിയാം. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ഉത്സവ ലഹരിയിൽ നിന്നും മേളഗംഭീരമായ തലയെടുപ്പോടെ ആരംഭിച്ച 'ഉടൻ പണം' സംപ്രേഷണം എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.