ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. തെലുങ്ക് സംവിധായകനായ സുജീത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലി ആദ്യഭാഗം റിലീസ് ചെയ്യുന്നതിനും മുമ്പേ പ്രഭാസ് കരാർ ഒപ്പിട്ട ചിത്രമാണ് സാഹോ.
സുജീത്തിന്റെ ആദ്യ ചിത്രം റൺ രാജ റണ്ണിന്റെ വിജയാഘോഷചടങ്ങിലാണ് സുജീത്തും പ്രഭാസും ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സിനിമയുടെ ചെറിയ കഥാതന്തു പറയുകയും കഥ ഇഷ്ടപ്പെട്ട പ്രഭാസ് തിരക്കഥ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സുജീത്ത് അത് കാര്യമായി എടുത്തില്ല. ‘പ്രഭാസ് അന്നേ വലിയ താരമാണ്. അദ്ദേഹമാണ് എന്നെ വന്നു പരിചയപ്പെടുന്നത്. തിരക്കഥ എഴുതാൻ പറഞ്ഞെങ്കിലും ഞാനത് കാര്യമായി എടുത്തില്ല. അദ്ദേഹം വെറുതെ പറഞ്ഞതായിരിക്കും എന്നാണ് കരുതിയത്.’–സുജീത്ത് പറയുന്നു.
പിന്നീട് തിരക്കഥ എഴുതാൻ തുടങ്ങിയെങ്കിലും പാതിവഴിയിൽ ഞാനത് ഉപേക്ഷിച്ചു. ഇതു നടക്കില്ലെന്ന പ്രതീക്ഷയിലാണ് എഴുത്ത് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. എന്നാൽ പ്രഭാസിനെ പിന്നീട് മാസങ്ങൾക്ക് ശേഷം കാണാനിടയായി. അദ്ദേഹം ആദ്യം ചോദിച്ചത് ആ തിരക്കഥയുടെ കാര്യമാണ്. എഴുത്ത് ഉപേക്ഷിച്ചെന്ന് പറഞ്ഞപ്പോൾ പ്രഭാസ് ദേഷ്യപ്പെട്ടു. എന്റെ മടിയെക്കുറിച്ചാണ് അദ്ദേഹം ആകുലപ്പെട്ടത്. എത്രയും പെട്ടന്ന് തന്നെ തിരക്കഥയുമായി വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു.– സുജീത് പറഞ്ഞു.
അതിന് ശേഷം സിനിമയുടെ പകുതി പൂർത്തിയാക്കി. പ്രഭാസിന്റെ വസതിയിലെത്തി തിരക്കഥ വിശദീകരിച്ചു. പുതിയ ചിന്തകൾ പങ്കുവച്ചു. സിനിമ മുഴുവനായി പറഞ്ഞുകേൾപ്പിച്ചു. കഥ പറയുമ്പോള്‍ പ്രഭാസ് ആകാംക്ഷയോടെ കേട്ടിരിക്കുന്നത് കാണാമായിരുന്നു. അദ്ദേഹത്തിന്റെ ആ എനർജിയില്‍ തിരക്കഥയിൽ പുതിയ ചിന്തകൾ എന്നിലുണ്ടായി.–സുജീത്ത് വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ചിത്രത്തിന്റെ ആദ്യ ടീസർ സംവിധായകൻ പുറത്തിറക്കി. മാത്രമല്ല ടീസർ പ്രേക്ഷകർക്കിടയിൽ തരംഗമാകുകയും ആകാംക്ഷ ജനിപ്പിക്കുകയും ചെയ്തു.
ബാഹുബലിയുടെ വലിയ വിജയം ഈ ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ 26കാരനായ ഈ സംവിധായകന് അതിൽ യാതൊരു ടെൻഷനും ഇല്ല. എല്ലാം പദ്ധതിപ്രകാരം നടക്കുമെന്ന് സുജീത്ത് പറയുന്നു. 2015 ജനുവരിയിലാണ് സാഹോ എന്ന ചിത്രം പ്രഭാസ് കമ്മിറ്റ് ചെയ്യുന്നത്.