സ്വപ്നം കാണാൻപോലും കഴിയാത്ത വിജയമാണ് ഒരു തെലുങ്ക് ചിത്രമായ ബാഹുബലി ഇന്ത്യൻ ബോക്സ്ഓഫീസിൽ നേടിയത്. കോടികൾ മുടക്കിെയടുക്കുന്ന ബോളിവുഡ് സിനിമകള്‍ക്കേറ്റ വലിയ പ്രഹരം തന്നെയായിരുന്നു ബാഹുബലി പോലുള്ള പീരിഡ് സിനിമകൾ നേടിയ വിജയം. ഇതോടെ ഇത്തരം സിനിമകളുടെ വലിയ സാധ്യതകൾ തേടി നിർമാതാക്കൾ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഗൾഫിലെ പ്രമുഖ വ്യവസായി ഡോ.ബി.ആർ.ഷെട്ടി ആയിരം കോടി രൂപ((150 ദശലക്ഷം യുഎസ് ഡോളര്‍) മുടക്കി മലയാളത്തിൽ മഹാഭാരതം എന്ന സിനിമ നിർമിക്കാൻ ഒരുങ്ങുന്നതും ഇന്ത്യൻ സിനിമയെ ഞെട്ടിച്ച വാർത്തയാണ്. മോഹൻലാൽ ഭീമനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ ആണ്. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഇപ്പോഴിതാ ഇതേരീതിയിൽ രാമായണം സിനിമയാക്കാൻ ഒരുങ്ങുകയാണ് തെലുങ്കിലെ മൂന്നു നിർമാതാക്കൾ. മൂന്നുഭാഗങ്ങളായാകും രാമായണം റിലീസ് ചെയ്യുക. മൂന്നുഭാഗങ്ങളും നിർമിക്കുന്നത് മൂന്നുനിർമാതാക്കൾ. മൊത്തം മുടക്ക് 500 കോടി രൂപ. നിർമാതാക്കളായ അല്ലു അരവിന്ദ്, നമിത് മൽഹോത്ര, മധു മണ്ടേന എന്നിവരാണ് നിര്‍മാതാക്കൾ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ ബോളിവുഡ്, തമിഴ്, തെലുങ്ക് സൂപ്പർതാരങ്ങൾ അണിനിരക്കും. ത്രീഡിയിലാകും ചിത്രം റിലീസ് ചെയ്യുക.