കുട്ടികളായില്ലേ എന്ന് നടി വിദ്യാബാലനോട് ഇനി ആരും ചോദിക്കില്ല, കാരണം മറ്റൊന്നുമല്ല നല്ല ചുട്ട മറുപടി താരത്തിൽ നിന്നു കേൾക്കേണ്ടിവരും. ഇൗയിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ തന്റെ നയം വ്യക്തമാക്കിയത്. ആദ്യമൊക്കെ ഇത്തരം ചോദ്യങ്ങൾ തന്നെ അലോസരപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഇതൊക്കെ ഒരു നേരംപോക്കായി കാണുന്നു.
കുട്ടികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയില്ലേ എന്ന ചോദ്യത്തിന് അടുത്ത തവണ ഞങ്ങൾ ഒന്നിച്ചുണ്ടാകുമ്പോൾ നിങ്ങളെ തീർച്ചയായും വിളിക്കാം എന്ന മറുപടിയാണ് താൻ നൽകുകയെന്ന് വിദ്യ വ്യക്തമാക്കി. പിന്നീട് ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കപ്പെടാറില്ലെന്നും വിദ്യപറയുന്നു.
ബോളിവുഡിലെ വേറിട്ട വ്യക്തിത്വമാണ് നടി വിദ്യാബാലൻ. എല്ലാതാരറാണികളും സൈസ് സീറോ പിന്തുടരുമ്പോൾ അതിൽ നിന്നെല്ലാം വേറിട്ട് തന്റെ തടി തന്റെ സൗന്ദര്യമാണ് എന്ന് തെളിയിക്കുകയാണ് വിദ്യാബാലൻ ചെയ്യുന്നത്. വിവാഹത്തോടെ തന്റെ വ്യക്തിത്വത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും വിദ്യ പറയുന്നു. തങ്ങൾ രണ്ടുപേരും പരസ്പരം മനസിലാക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും വിദ്യ പറയുന്നു. സിനിമാ നിർമാതാവും ബിസിനസുകാരനുമായ സിദ്ധർഥ് റായ് കപൂറാണ് വിദ്യയുടെ ഭർത്താവ്.