ബാഹുബലിയില്‍ ശിവഗാമിയുടെ വീറും വാശിയും തണുക്കുന്നത് ബാഹുബലി എന്ന പൈതലിനെ മാറോടു ചേര്‍ക്കുമ്പോഴാണ്. രമ്യാ കൃഷ്ണന് അവതരിപ്പിച്ച ശിവഗാമിയുടെ കൈകളില്‍ കിടന്ന കൈക്കുഞ്ഞ് ഒരു മലയാളിക്കുട്ടിയാണെന്നത് അധികമാര്‍ക്കുമറിയില്ല.
അക്ഷിത എന്ന ഒന്നര വയസ്സുകാരിയോട് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് ചോദിച്ചാൽ ഇത് എന്റെ സിനിമയാണെന്ന് അവൾ കൊഞ്ചിപ്പറയും. അതെ, റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ബാഹുബലിയില്‍ ഈ കൊച്ചു മിടുക്കിയും അംഗമാണ്. ഇപ്പോൾ പുറത്തിറങ്ങിയ ബാഹുബലി 2 വിലും അക്ഷിത അഭിനയിച്ച ഭാഗങ്ങൾ ഉണ്ട് എന്നുള്ളതാണ് കൊച്ചുമിടുക്കിക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം. ആദ്യഭാഗത്തിലെ ചില പ്രധാനഭാഗങ്ങൾ രണ്ടാം ഭാഗത്തിലും പുനരവതരിപ്പിക്കുന്നുണ്ട്.
വെറും പതിനെട്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അക്ഷിത ചിത്രത്തിന്റെ ഭാഗമായത്. കാലടി നീലേശ്വരം സ്വദേശിയായ വത്സന്റെയും സ്മിതയുടെയും മകളാണ് അക്ഷിത.കുഞ്ഞിനെ സിനിമയുടെ ഭാഗമാക്കിയപ്പോള്‍ ഇതൊരു ചരിത്ര സിനിമയാകുമെന്ന് അക്ഷിതയുടെ മതാപിതാക്കളും പ്രതീക്ഷിച്ചില്ല. അക്ഷിതയെ ഇത്രയേറെ സീനുകളിൽ കാണാന്‍ കഴിയുമെന്നും അവര്‍ കരുതിയില്ല. അതിനാൽ തന്നെ ചിത്രത്തിൽ അഭിനയിച്ചു എന്ന കാര്യം വീട്ടുകാര്‍ അയല്‍ക്കാരെയോ മറ്റു ബന്ധുക്കളെയോ അറിയിച്ചിരുന്നുമില്ല.