ഒരൊറ്റ നോട്ടത്തിൽ സൂപ്പർ മോഡലാണെന്നു തോന്നും റെയ്ജനെ കണ്ടാൽ. റെയ്ജൻ എന്നു പറയുന്നതിനേക്കാൾ പ്രേക്ഷകർക്കിഷ്ടം സത്യ എന്നു വിളിക്കുന്നതായിരിക്കും. അതെ, ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെൺമനസുകളുടെ പ്രിയങ്കരനായി മാറിയ റെയ്ജൻ രാജൻ. ലുലു ഫാഷൻ വീക്ക് നാലാം ദിനത്തിൽ ഷോസ്റ്റോപ്പറായി എത്തിയ റെയ്ജൻ മനോരമ ഓണ്‍ലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
ലുലു ഫാഷൻ വീക്കിൽ ഷോസ്റ്റോപ്പറായി എത്തിയിരിക്കുകയാണ്, എന്തു തോന്നുന്നു?
ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. കാമറയ്ക്കു മുന്നിൽ നിന്ന് അഭിനയിക്കുന്നതു പോലെയല്ല റാംപിൽ ചുവടുവെക്കുന്നത്. മൊത്തത്തിൽ നല്ല എക്സൈറ്റ്മെന്റിൽ ആണിപ്പോള്‍. കാഴ്ച്ചക്കാരെപ്പോലെ തന്നെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാനും. സ്കള്ളേഴ്സ് എന്ന ബ്രാൻഡിനു വേണ്ടിയാണ് ഷോസ്റ്റോപ്പറായി എത്തിയത്. കാഷ്വൽ വസ്ത്രങ്ങളിലാണ് റാംപിലെത്തുക.
ലുലു ഫാഷൻ വീക്കിനെക്കുറിച്ച്?
വീക്കെൻഡ്സിനു സുഹൃത്തുക്കൾക്കൊപ്പം കറങ്ങിയടിക്കാൻ വന്നിരുന്ന സ്ഥലമാണ് ലുലു. അതുകൊണ്ടുതന്നെ ഒരു ഹോംഫീൽ ആണ് ഇവിടെ വരുമ്പോൾ. ഫാഷൻ സംബന്ധമായ കാര്യങ്ങളും സ്റ്റൈലുകളുമൊക്കെ സ്ഥിരമായി വീക്ഷിക്കാറുള്ള ആളെന്ന നിലയ്ക്ക് ഈ ഷോ എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. ഇത്രത്തോളം അടുപ്പമുള്ള സ്ഥലത്ത് ഷോസ്റ്റോപ്പറായി എത്തുക എന്നതും വളരെ സന്തോഷം നൽകുന്ന കാര്യമാണ്.