രാജ്യാന്തരതലത്തിൽ അതിവേഗം കുതിച്ചുക്കൊണ്ടിരിക്കുന്ന മേഖലയാണ് സ്മാർട്ട്ഫോൺ വിപണി. ഈ മേഖലയിലേക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി കമ്പനികളാണ് ചേർന്നത്. ഇന്ത്യയും ചൈനയുമാണ് ഈ രംഗത്ത് മുന്നിൽനിൽക്കുന്നത്. അതെ ബോളിവുഡ് താരം സൽമാൻ ഖാനും പുതിയ മൊബൈൽ കമ്പനിയുമായി വരികയാണ്.
സൽമാൻ ഖാന്റെ സിനിമാ നിർമാതാക്കളുടെ സഹകരണത്തോടു കൂടിയാണ് സ്മാർട്ട്ഫോൺ കമ്പനി തുടങ്ങുന്നത്. എന്നാൽ കമ്പനിയിലെ ഭൂരിപക്ഷം ഒാഹരികളും സൽമാന്റെ കൈവശമായിരിക്കും. നിലവിൽ സൽമാന്റെ പേരിൽ ബീയിങ് ഹ്യൂമൻ എന്ന വസ്ത്രനിർമാണ കമ്പനിയുണ്ട്. ഇതിനാൽ തന്നെ ചെറിയ സ്ക്രീനുള്ള ഹാൻഡ്സെറ്റ് ബീയിങ്സ്മാർട്ട് എന്ന പേരിലാവും വിപണിയിൽ എത്തുക.
ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന, 20,000 രൂപയിൽ വിലകുറഞ്ഞ ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കുക. ചൈനീസ് പ്ലാന്റുകളിലായിരിക്കും ഹാൻഡ്സെറ്റ് നിർമിക്കുക. ചൈനീസ് കമ്പനികളായ ഓപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളുമായി മൽസരിക്കാൻ ശേഷിയുള്ള ഹാൻഡ്സെറ്റുകളാണ് അവതരിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി സാംസങ്ങ്, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളിൽ നിന്ന് പ്രമുഖരെ കമ്പനി സ്വന്തമാക്കാനും നീക്കം നടക്കുന്നുണ്ട്.
സ്മാർട്ട്ഫോൺ വിറ്റു കിട്ടുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് സൽമാൻ ഖാന്റെ തീരുമാനം. 2007 ലാണ് ബീയിങ് ഹ്യൂമൻ എന്ന ബ്രാൻഡ് രജിസ്റ്റർ ചെയ്തത്.