പ്രതീക്ഷിച്ചതു പോലെ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2017 ലാണ് മോട്ടോറോള ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ മോട്ടോ ജി5 ഉം ജി5 പ്ലസും അവതരിപ്പിച്ചത്. ഇതിൽ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലും എത്തി കഴിഞ്ഞു. മെറ്റൽ ബോഡി, വൃത്താകൃതിയിലുള്ള ക്യാമറാ ഫ്രെയിം തുടങ്ങി അടിമുടി പുതുമയാർന്ന രൂപകൽപനയോടെയാണ് മോട്ടോ ജി5 പ്ലസിന്റെ വരവ്.
നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താങ്ങാവുന്ന വിലയിലാണ് ഇരു ഫോണുകളും എത്തുന്നത്. മോട്ടോ ജി5 പ്ലസിന് ഫ്ലിപ്കാർട്ടിലെ വില 16 ജിബി വേരിയന്റിന് 14,999 രൂപയും 32 ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില.
5.2 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920) ഡിസ്പ്ലേയോടു കൂടിയാണ് മോട്ടോ ജി5 പ്ലസി ന്റെ വരവ്. 2 ജിഗാ ഹെട്സ് ഒക്ടാ-കോർ സ്നാപ് ഡ്രാഗൺ 625 പ്രോസസർ കരുത്ത് പകരുന്നു. 3 ജിബി അല്ലെങ്കിൽ 4 ജിബി റാമും 16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമകും.
മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇത് 256 ജിബി വരെ വർധിപ്പിക്കാനുമാകും. ടർബോപവർ ചാർജിംഗ് സാങ്കേതിക വിദ്യയോട് കൂടിയ, നീക്കം ചെയ്യാൻ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. ഇത് വഴി 15 മിനിറ്റ് ചാർജിംഗ് വഴി 6 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 12 മെഗാ പിക്സൽ പിഡിഎഎഫ് പിൻ ക്യാമറ, സെൽഫികൾക്കായി 5 മെഗാപിക്സൽ വൈഡ് ആംഗിൾ മുൻ ക്യാമറയും നൽകിരിക്കുന്നു. 3,000 mAh ആണ് ബാറ്ററി ശേഷി. ഹാൻഡ്സെറ്റുകൾ ബുധനാഴ്ച അർധരാത്രി മുതൽ ഫ്ലിപ്കാർട്ടിൽ നിന്നു ലഭിക്കും.