രാജ്യത്തെ ടെലികോം വിപണിയിൽ ജിയോ തുറന്ന ഓഫർ യുദ്ധം മുറുകുന്നു. ജിയോ പ്രൈം ഉപയോക്താക്കൾക്കു നൽകുന്ന 303 രൂപയുടെ ഓഫറിനു ശക്തമായ വെല്ലുവിളിയുമായി എയർടെൽ 345 രൂപയുടെ ഓഫർ പ്രഖ്യാപിച്ചു. ഇതിൽ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഫ്രീ വോയ്സ് കോളുകളും പ്രതിദിനം 1 ജിബി വീതം 28 ജിബി അതിവേഗ 4ജി ഡാറ്റയും ലഭിക്കും.
ജിയോയുടെ 303 രൂപയുടെ പ്ലാൻ ഓഫർ ലഭിക്കണമെങ്കിൽ 99 രൂപയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കണമെന്നുണ്ട്. എന്നാൽ എയർടെല്ലിന്റെ ഈ ഓഫർ നിലവിലുള്ള എല്ലാ വരിക്കാർക്കും ഈ ഓഫർ ലഭിക്കും. പ്രതിദിനം നൽകുന്ന 1ജിബി ഡാറ്റയിൽ 500 എംബി പകലും 500 എംബി രാത്രിയുമായാകും ഉപയാഗിക്കാൻ കഴിയുക.
മാർച്ച് 31നു മുൻപ് 4ജി കണക്ഷൻ എടുക്കുന്ന എല്ലാവർക്കും ഇതു ലഭ്യമാക്കുമെന്നും വരുന്ന 11 മാസത്തേക്ക് ഈ ഓഫർ പ്രാബല്യത്തിലുണ്ടാകുമെന്നുമാണു റിപ്പോർട്ട്. മറ്റു പ്ലാനുകളും പരിഷ്കരിച്ചിട്ടുണ്ട്. 145 രൂപയുടെ റീചാർജിൽ എയർടെൽ - എയർടെൽ ഒരു മാസത്തേക്ക് കോളുകൾ പരിധിയില്ലാതെ വിളിക്കാം. 2ജിബി ഡാറ്റയും ലഭിക്കും.
വോഡഫോണും ഐഡിയയും സമാനമായ ഓഫറുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. വോഡഫോണിൽ 342 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോൾ, പ്രതിദിനം 1ജിബി വീതം 28 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഐഡിയയുടെ 348 രൂപയുടെ ഓഫറിൽ അൺലിമിറ്റഡ് വോയ്സ് കോളുകളും 500 എംബി ഡാറ്റ ഉപയോഗവും ലഭിക്കും.
ജിയോയുടെ താരിഫ് പ്ലാനുകൾ ഏപ്രിൽ ഒന്നു മുതൽ നിലവിൽവരുന്നതു മുന്നിൽക്കണ്ടാണു മറ്റു ടെലികോം കമ്പനികളും തങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ മാറ്റുന്നത്.