എന്റെ പേര് നൗഫൽ. ഞാൻ ബിഡിഎസ് സെക്കൻഡ് ഇയർ വിദ്യാർഥിയാണ്. മറ്റു മാതാപിതാക്കളെപ്പോലെ എന്റെ വാപ്പയും വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിക്കുന്നത്. വാപ്പയ്ക്ക് ഇപ്പോൾ അഞ്ചു ലക്ഷത്തിലധികം ലോണുണ്ട്. എന്റെ പഠിത്തം അവസാനിക്കുമ്പോൾ (ഇനി മൂന്നു വർഷം) ലോൺ കുറഞ്ഞിട്ടുണ്ടാവും. അതു കഴിഞ്ഞ് എനിക്ക് ക്ലിനിക് ഇടുന്നതിനു വേണ്ടിയാകും വാപ്പയുടെ അടുത്ത ശ്രമം. വാപ്പയ്ക്ക് സഹായകമാകുന്ന നിലയിൽ നല്ലൊരു തുക കൂട്ടിവച്ച് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാസം 2000 രൂപ മിച്ചം പിടിക്കാൻ സാധിക്കും. കാലയളവ്: മൂന്നു വർഷം (2020 മാക്സിമം) ആവശ്യം: രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ. ഏതാണു നല്ല പദ്ധതി.
എത്രകാലത്തേക്കുള്ളതാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ഏതു മാർഗവും പ്ലാനുമാണ് വേണ്ടതെന്നു നിശ്ചയിക്കുന്നത്. ഹ്രസ്വകാലത്തേക്കുള്ളതാണ് നിക്ഷേപമെങ്കിൽ ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റും മ്യൂച്വൽ ഫണ്ട് എസ്ഐപിയും ചിട്ടികളും ഉത്തമമാണ്. മൂന്നു വര്‍ഷത്തേതാണ് താങ്കളുടെ നിക്ഷേപ കാലാവധി. ഇക്കാലയളവുകൊണ്ട് രണ്ടു ലക്ഷം രൂപ ഉണ്ടാക്കണം. പക്ഷേ, പ്രതിമാസം 2,000 രൂപ വീതം മൂന്നു വർഷം മിച്ചം പിടിച്ചാല്‍ 72,000 രൂപയുണ്ടാക്കാം. ഈ തുക രണ്ടുലക്ഷമാകണമെങ്കില് നിങ്ങളുടെ നിക്ഷേപത്തിന് മൂന്നു വർഷം കൊണ്ട് 125 ശതമാനം വളര്‍ച്ച ഉണ്ടാകണം. അത് സാധ്യമല്ല എന്നറിയാമല്ലോ. ക്ലിനിക് തുടങ്ങാൻ മൂന്നു വർഷം കഴിയു മ്പോൾ രണ്ടു ലക്ഷം രൂപ വേണം. എന്നുള്ളതുകൊണ്ട് രണ്ടര ലക്ഷമോ മൂന്നു ലക്ഷമോ സലയുള്ള ഒരു ചിട്ടിയിൽ ചേരുകയാണ് അഭികാമ്യം. മൂന്നുവർഷം കഴിയുമ്പോൾ സലയുടെ 70–80 ശതമാനം തുക ലഭിക്കും. അനുയോജ്യമായ ചിട്ടി കണ്ടെ ത്താൻ കഴിയുന്നില്ല എങ്കിൽ 2000 രൂപ വീതം ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റിൽ ഇടുക. ബാക്കി തുകയ്ക്ക് ഒരു ലോൺ എടുക്കുക.