പുതിയ നോട്ടുകള്‍ക്ക് കേടുപറ്റിയാല്‍ മാറി നല്‍കാനാവില്ലെന്ന നിലപാടില്‍ സംസ്ഥാനത്തെ ബാങ്കുകള്‍. കേടുപറ്റിയ നോട്ടുകള്‍ മാറാനെത്തുന്നവരെ ബാങ്കുകള്‍ പലകാരണങ്ങള്‍ നിരത്തി തിരിച്ചയക്കുകയാണ്.
പത്തനംതിട്ട നിരണത്തെ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍നിന്ന് നിരണം സ്വദേശിനി ബിജിമോള്‍ സാമിന് ലഭിച്ചതാണ് ഈ രണ്ടായിരത്തിന്റെ നോട്ട്. കഴിഞ്ഞ നവംബര്‍ മുപ്പതിന് ലഭിച്ച നോട്ട് വീട്ടിലെത്തിയപ്പോഴേക്കും പൊടിയാന്‍ തുടങ്ങി. അപ്പോള്‍തന്നെ ബാങ്കില്‍ വിളിച്ചറിയിച്ചെങ്കിലും മാറി നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. ബിജിമോളുടെ പിതാവ് ബാങ്കിലെത്തി മാനേജരെ കണ്ടപ്പോള്‍ തിരുവല്ല ബ്രാഞ്ചിലേക്ക് പറഞ്ഞുവിട്ടു. അവിടെയെത്തിയപ്പോഴും പൊടിഞ്ഞുപോയ നോട്ടുകള്‍ മാറി നല്‍കുന്നതിന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലായെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
നോട്ട് മാറിയെടുക്കുന്നതിനായി മറ്റൊരു ദേശസാല്‍കൃത ബാങ്കിനെ സമീപിച്ചെങ്കിലും അവിടെനിന്ന് വിതരണം ചെയ്ത നോട്ടല്ലായെന്നുപറഞ്ഞ് തിരിച്ചയച്ചു. നോട്ടുകളുടെ കേടുപാടുകള്‍ വിലയിരുത്തി മാറി നല്കുന്ന സംവിധാനം ഇപ്പോഴും നിലവിലുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു. പക്ഷേ നോട്ടുകളുടെ ഗുണനിലവാരമില്ലായ്മ കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കിന്റെ ഓഫിസില്‍ പോകണമെന്ന നിര്‍ദേശം ഒട്ടും ആശാസ്യമല്ല.