അമിത വായ്പ കേരളത്തിനു ഭാവിയിൽ ഭാരമായി മാറും: മുന്നറിയിപ്പുമായി മൻമോഹൻ

manmohan-singh
SHARE

തിരുവനന്തപുരം: അമിതമായി വായ്പയെടുക്കുന്നതു കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ ഡിജിറ്റൽ വിപ്ലവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വീണ്ടുവിചാരമില്ലാത്ത നോട്ടു നിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വർധിച്ചു. ദരിദ്രർക്കു പിന്തുണ നൽകുന്നതു പോലെയുള്ള പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജന. സെക്രട്ടറി താരീഖ് അൻവർ, ശശി തരൂർ എംപി, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്.ഷിജു, സാമ്പത്തിക വിദഗ്ധൻ പ്രഫ.ബി.എ.പ്രകാശ്, ഡോ.ഉമ്മൻ വി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ആശംസകളുമായി സോണിയാഗാന്ധി

 സാഹോദര്യം ഊട്ടിയുറപ്പിക്കലായിരിക്കണം കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോകത്തിനു തന്നെ മാതൃകയായിരുന്ന കേരളത്തിന്റെ സാമൂഹിക ഐക്യത്തിലും മതസൗഹാർദത്തിലും പോറലുകളുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രതീക്ഷ 2030 വികസന സമ്മേളനത്തിൽ നൽകിയ സന്ദേശത്തിലാണ് സോണിയാ ഗാന്ധിയുടെ നിർദേശം.

തൂണുകളിൽ അതിവേഗപാത വേണം

കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ തൂണുകളിൽ അതിവേഗപാത നിർമിക്കണമെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റ്ഡീസിന്റെ വികസനരേഖ. സ്ത്രീകൾക്കായി 2 ലക്ഷം പൊതുശുചിമുറികൾ നിർമിക്കണമെന്നും ഇവയുടെ ലഭ്യത അറിയാൻ മൊബൈൽ അപ്ലിക്കേഷൻ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് വികസന രേഖ തയാറാക്കിയത്.

MORE IN BUSINESS
SHOW MORE
Loading...
Loading...