പിഎൻബി തിരിമറി; പുറത്തുവരുന്നത് ബാങ്കിങ് സംവിധാനത്തിലെ ജീര്‍ണാവസ്ഥ

pnb-dip-t
SHARE

സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കിയ പഞ്ചാബ് നാഷണൽ ബാങ്കിലെ തിരിമറി പുറത്തുകൊണ്ടുവരുന്നത് ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തിലെ ജീര്‍ണാവസ്ഥയുടെ നേര്‍ചിത്രം.  കിട്ടാക്കടത്തെ കണക്കുകളിൽ നിന്ന് ഒഴിപ്പിച്ചു നിർത്തിയും, പൊതുഫണ്ട് ഉപയോഗിച്ചു മൂലധന അടിത്തറ ബലപ്പെടുത്തിയും എത്ര കാലം ബാങ്കുകൾക്ക് നിലനില്‍ക്കാന്‍ കഴിയുമെന്നതാണ് ചോദ്യം.  പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കുടിശിഖയുടെ മുഖ്യ പങ്ക് അടക്കാനുള്ളത് 150ഓളം മുൻനിര വ്യവസായ ഗ്രൂപ്പുകളാണ്.

രാജ്യത്തെ ബാങ്കുകളുടെ ആകെയുള്ള കിട്ടാക്കടം എട്ടുലക്ഷത്തി മുപ്പത്താറായിരത്തി എഴുനൂറ്റി എണ്‍പത്തിരണ്ട് കോടി. ഇതില്‍ ഏഴുലക്ഷത്തി മുപ്പത്തിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് കോടി രൂപയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇന്ത്യൻ ബാങ്കുകളിലെ മൊത്തം കിട്ടാക്കടത്തിൽ 85 ശതമാനത്തോളം അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വായ്പകളാണ്.  കുടിശിഖയുടെ മുഖ്യ പങ്ക് അടക്കാനുള്ളതാകട്ടെ നൂറ്റിയന്‍പതോളം മുൻനിര വ്യവസായ ഗ്രൂപ്പുകളും. ഈ വായ്പകളിൽ ഏറിയ കൂറും നൽകിയിരിക്കുന്നത് വേണ്ടത്ര ഈടില്ലാതെയാണ്. 9.9 ശതമാനം അറ്റ നിഷ്ക്രിയ ആസ്തിയുള്ള ഇന്ത്യൻ ബാങ്കിങ് മേഖല കിട്ടാക്കടത്തിന്റെ കാര്യത്തിൽ ലോകത്ത്‌ അഞ്ചാം സ്ഥാനത്തും ബ്രിക്സ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ്. 

പി എൻ ബി സംഭവത്തിൽ ലെറ്റർ ഓഫ് ക്രെഡിറ്റും ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങും വ്യാജമായി സൃഷ്ടിച്ചുവെന്നാണ് പറയുന്നത്. എന്നാൽ 2011 മുതൽ നീരവ് മോദിയുടെ ഇടപാടുകളിൽ സംശയങ്ങൾ ബാങ്കിന് ഉണ്ടായിരുന്നു. 270 കോടി രൂപയുടെ സമാനമായ തട്ടിപ്പ് ചൂണ്ടിക്കാട്ടി ബാങ്ക് സി ബി ഐക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകുകയും ചെയ്തിരുന്നു. ഇതെല്ലം നിലനിൽക്കെ അദ്ദേഹം കോടികളുടെ ഇടപാടുകൾ വീണ്ടും നടത്തി എന്നത് അത്ഭുതാവഹമാണ്.

പൊതുമേഖലാ ബാങ്കുകൾക്ക് നേരിട്ട് 2 .11 ലക്ഷം കോടി രൂപ നൽകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള ഇരുപത് ശതമാനം പണം ഖജനാവില്‍ നിന്ന് നേരിട്ട് എടുക്കുകയാണ്.  ബാക്കി തുക കണ്ടെത്താൻ പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിൽക്കുന്നു. ഇതുകൂടാതെ കടപ്പത്രം വഴി 1.35 ലക്ഷം കോടിയും സമാഹരിക്കും. അതായത് അതിസമ്പന്നർ,വായ്പയെടുത്തു ചെലവാക്കിയതിന്റെ പിഴയുടെ ഒരു ഭാഗം മൂടുന്നത് നികുതി പണം കൊണ്ട്. 

MORE IN BUSINESS
SHOW MORE