ഓഖി ചതിച്ചു; വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് സിഇഒ

rajesh-jha-vizhinjam-port
SHARE

ഓഖി ചുഴലിക്കാറ്റ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയെന്ന് പുതുതായി ചുമതലയേറ്റ സി.ഇ.ഒ രാജേഷ് ഝാ മനോരമ ന്യൂസിനോട്. അറ്റകുറ്റപ്പണികള്‍ക്ക് നാലുമാസമെങ്കിലുമെടുക്കും. പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് അതിനുശേഷമേ കൃത്യമായി പറയാന്‍ സാധിക്കൂ. പദ്ധതിക്കുമുന്നില്‍ മറ്റു തടസങ്ങളില്ലെന്നും പുലിമുട്ട് നിര്‍മാണത്തിനുവേണ്ട കല്ല് കിട്ടിത്തുടങ്ങിയെന്നും രാജേഷ് ഝാ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം 25 ശതമാനം പൂര്‍ത്തിയായ സമയത്താണ് ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത്. ഏഴുമീറ്റര്‍ വരെ ഉയര്‍ന്ന തിരയില്‍ പുലിമുട്ടിന്റെ പലഭാഗങ്ങളും ഒഴുകിപ്പോയി. ജെട്ടിക്കായി നിര്‍മിച്ച പ്ലാറ്റ് ഫോമുകള്‍ തകര്‍ന്നു. പൈലുകള്‍ പലതും നശിച്ചു. ഇവിടെ വീണ്ടും പൈലിങ് നടത്തേണ്ട സ്ഥിതിയാണെന്നും രാജേഷ് ഝാ.

അറ്റകുറ്റപ്പണി പൂര്‍ത്തിയാകാന്‍ നാലുമാസമെങ്കിലും വേണം. അതിനുശേഷമേ എന്ന് നിര്‍മാണം പൂര്‍ത്തിയാകൂ എന്ന് പറയാന്‍ സാധിക്കൂ. മുന്‍നിശ്ചയിച്ച തീയതിയില്‍ നിന്ന് ഏറെ വൈകാതെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും രാജേഷ് ഝാ പറ‍ഞ്ഞു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. പാറകിട്ടാത്തതുമൂലം നേരത്തെ പുലിമുട്ട് നിര്‍മാണം നിലച്ചിരുന്നു. ഇപ്പോള്‍ ഈ സ്ഥിതി മാറി.

തന്റെ മുന്‍ഗാമി സന്തോഷ്കുമാര്‍ മഹാപത്ര സംസ്ഥാനസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസം മൂലമല്ല രാജിവച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയംചെലവിടാനായിരുന്നു രാജിയെന്നും പദ്ധതിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും രാജേഷ് ഝാ പറഞ്ഞു.

MORE IN BUSINESS
SHOW MORE