ഇതാ പുതിയ ‘മല്യ’, നീരവ് മോദി; ഇവർക്കു മറ്റൊരു നിയമമോ ?

neerav-modi-vijaymallya
SHARE

തുഛമായ കടം ബാങ്കിൽ തിരിച്ചടക്കാനാകാത്തതിന്റെ പേരിൽ കർഷകർ കുടുംബസഹിതം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ നിത്യവും വാർത്തകളിൽ ഇടംപിടിക്കുന്നു. ഈ കടം എഴുതിത്തള്ളാനോ ഇളവു നൽകാനോ അധികൃതരോ ബാങ്കുകളോ തയ്യാറാകുന്നില്ല. എന്നാൽ വൻകിട തട്ടിപ്പുകാരോടുള്ള മനോഭാവം മറ്റൊന്നാണെന്നു അടുത്ത ദിവസങ്ങളിലായി പുറത്തു വന്ന പഞ്ചാബ് നാഷനൽ ബാങ്കിലെ തട്ടിപ്പ് വ്യക്തമാക്കുന്നു

കോടികൾ കടവുമായി വിജയ് മല്യ ഒരു പോക്കുപോയിട്ട് പിന്നെ ഒരു അഡ്രസുമില്ല. ഇപ്പോഴിതാ പുതിയ അവതാരം. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട 11,346 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. നീരവ് മോദിക്കും ഒരു ജ്വല്ലറി കമ്പനിക്കുമെതിരെ പിഎൻബിയുടെ രണ്ടു പരാതികൾ ലഭിച്ചതായി സിബിഐ സ്ഥിരീകരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.  

വജ്രത്തിളക്കത്തിന്റെ പകിട്ടിൽ നിന്നു സാമ്പത്തിക ക്രമക്കേടിന്റെ നിഴലിൽ എത്തിയിരിക്കുന്നു നീരവ് മോദി. ഇയാൾ ആരാണെന്നുള്ള ചോദ്യമാണ് ഇപ്പോൾ രാജ്യമെമ്പാടും ഉയരുന്നത്. ‘നിരവ് മോദി ചെയ്ൻ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ’ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ നാൽപത്തിയേഴുകാരനായ നീരവ് ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന ആഭരണവ്യാപാരിയും ഡിസൈനറുമാണ്.

ഓസ്കർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നിശകളിലൊക്കെ നീരവിന്റെ ആഭരണങ്ങൾ അണിഞ്ഞ പ്രമുഖരിൽ താരാജി പി. ഹെൻസൺ, ഡകോട്ട ജോൺസൺ തുടങ്ങിയവർ ഉൾപ്പെടും. പ്രിയങ്ക ചോപ്രയാണ് നിരവ് ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ. ഇതേ പ്രിയങ്ക ചോപ്ര പിന്നീട് പ്രതിപലം നല്കിയില്ല എന്നാരോപിച്ച് നീരവിനെതിരെ കേസും നല്കി.  2016ൽ ന്യൂയോർക്കിൽ നിരവ് തുടങ്ങിയ സ്റ്റോറിന്റെ ഉദ്ഘാടനത്തിന് നവോമി വാട്സ്, ലിസാ ഹെയ്ഡൻ തുടങ്ങിയ പ്രമുഖർപങ്കെടുത്തിരുന്നു. രാജ്യാന്തര തലത്തിൽ പ്രമുഖരുടെയിടയിൽ നീരവിന്റെ സ്വാധീനം ഇതിൽ നിന്നു വ്യക്തം.

ബെൽജിയത്തിലെ ആന്റ്‌വെർപ് നഗരത്തിലെ ജനവും കുട്ടിക്കാലവും നീരവിൽ വജ്രവ്യാപാരത്തിലെ താൽപര്യം വളർത്തിയിരുന്നു. വജ്രത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരമാണ് ആന്റ്വെർപ്. തുടർന്ന് അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള വാർട്ടൻ സ്കൂളിലെ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് ഉപേക്ഷിച്ച് വജ്രവ്യാപാരത്തിലിറങ്ങി.

മുംബൈ കേന്ദ്രമാക്കി ഫയർസ്റ്റാർ ഇന്റർനാഷനൽ എന്ന സ്ഥാപനം നീരവ് തുടങ്ങിയിരുന്നു. 2014ൽ ആദ്യത്തെ പ്രമുഖ സ്റ്റോർ ഡൽഹിയിൽ തുടങ്ങി.ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ചൈന മുതൽവടക്കൻ അമേരിക്ക വരെ മൂന്നു ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. 

വിജയ് മല്യ പോയ പോക്ക്..!

ഇന്ത്യയിലെ ബാങ്കുകളിൽനിന്നു ശതകോടികൾ വായ്പയെടുത്തു മുങ്ങി ലണ്ടനിൽ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ കടബാധ്യതകളെക്കുറിച്ചു വിവരമില്ലെന്ന നിലപാടിലാണ് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് ഒൻപതിനായിരം കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങി ഇംഗ്ലണ്ടിൽ കഴിയുന്ന വിജയ് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യാ സർക്കാരിന്റെ വിവിധ ഏജൻസികൾ നൽകിയ കേസിൽ വെസ്റ്റ് മിനിസ്റ്റർ മ ജിസ്ട്രേട്ട് കോടതിയിൽ വാദം നടക്കുകയാണ്.  2016 മാർച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ബ്രിട്ടനിൽ പ്രവാസിയായി കഴിയുകയാണ്. കേസിൽ രണ്ടുതവണ അറസ്റ്റിലായ മല്യ ജാമ്യത്തിലാണ്.

MORE IN BUSINESS
SHOW MORE