ഇന്ത്യയില്‍ ഇടിഎഫില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിയുന്നു

gold
SHARE

ആഗോളതലത്തില്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിഷേപം മെച്ചപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഇടിഎഫില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിയുന്നു. ഇടിഎഫുകളില്‍ നിന്നുള്ള ലാഭം കുറയുന്നതാണ് കാരണം. കഴിഞ്ഞ ഒരു മാസം മാത്രം 110 കോടി രൂപയാണ് നിക്ഷേപകര്‍ ഇടിഎഫില്‍ നിന്ന് പിന്‍വലിച്ചത്.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സമാനമായ രീതിയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഒരു മാര്‍ഗമാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. ഒരുകാലത്ത് ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ഇടിഎഫുകള്‍ ഇന്ന് ആകര്‍ഷകമല്ലാതായിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, പത്തുമാസത്തിനിടെ 679 കോടി രൂപയാണ് നിക്ഷേപകര്‍ ഇടിഎഫില്‍ നിന്ന് പിന്‍വലിച്ചത്. ഓഹരിവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ വളരെ കുറവാണെന്നതാണ് കാരണം. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്തുമാസം അയ്യായിരത്തി അറുനൂറ്റി എഴുപത് കോടി രൂപയാണ് ഇടിഎഫുകള്‍ വഴിയുണ്ടായിരുന്ന നിക്ഷേപം. ഇത് നാലായിരത്തി തൊള്ളായിരത്തി ആറ് കോടിയായി കുറഞ്ഞെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.  മുന്‍ വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാലും ഇടിഎഫില്‍ നിന്നുള്ള ഇടിവ് വ്യക്തമാണ്. രണ്ടായിരത്തി പതിനാറ് പതിനേഴ് സാമ്പത്തിക വര്‍ഷത്തില്‍ 775 കോടിയും പതിനഞ്ച് പതിനാറ് സാമ്പത്തിക വര്‍ഷത്തില്‍ 903 കോടിരൂപയും ഇടിഎഫില്‍ നിന്ന് പിന്‍വലിച്ചു. 2013 മുതലാണ് ഇന്ത്യന്‍ നിക്ഷേപകര്‍ ഇടിഎഫുകളില്‍ താല്‍പര്യം കാണിക്കാതായത്.

അതേസമയം ഓഹരി വിപണിയിലേക്കുള്ള നിക്ഷേപം ഇരട്ടിക്കുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്തുമാസത്തില്‍ ഒന്നരലക്ഷം കോടി രൂപയാണ് വിപണിയിലേക്കൊഴുകിയതെന്ന് ആംഫി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം മാത്രം പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപം ഓഹരി വിപണിയിലുണ്ടായി.

MORE IN BUSINESS
SHOW MORE