മരച്ചീനി വിലയില്‍ വന്‍ ഇടിവ്

Thumb Image
SHARE

മരച്ചീനി വിലയില്‍ വന്‍ ഇടിവ്. ഒരു വര്‍ഷം മുമ്പ് കിലോയ്ക്ക് 30 രൂപവരെ വിലയുണ്ടായിരുന്ന മരച്ചീനിക്ക് ഇന്ന് ഗ്രാമീണവിപണികളില്‍ പത്തുരൂപ മുതല്‍ 15 രൂപവരെയേ വിലയുള്ളു. കൃഷി വ്യാപകമായതാണ് വിലത്തകര്‍ച്ചയ്ക്ക് കാരണമെന്ന് കര്‍ഷകരും കച്ചവടക്കാരും പറയുന്നു. 

ജന്മം കൊണ്ട് ബ്രസീലുകാരനെങ്കിലും രുചികൊണ്ട് നാടനായി അംഗീകരിക്കപ്പെട്ട മരച്ചീനിക്ക് ഇത് കഷ്ടകാലമാണ്. വില പടവലങ്ങാപോലെ താഴ്ന്ന് നിലം തൊടാറായി. ഒരു വര്‍ഷം മുമ്പ് ഒരുകിലോ മരച്ചീനിക്ക് 25 മുതല്‍ 30 രൂപവരെ വിലയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ 10 രൂപയില്‍ തൊട്ടുനില്‍ക്കുന്നത്. ദിനം പ്രതി 3000 രൂപയുടെ മരച്ചീനി വരെ വിറ്റിരുന്ന നാട്ടുചന്തയിലെ കച്ചവടക്കാരന്റെ പണപ്പെട്ടിയില്‍ ഇപ്പോള്‍ പരമാവധി 700 രൂപവരെയേ വീഴുന്നുള്ളു. 

മരച്ചീനി ഷുഗറുണ്ടാക്കുമെന്ന ഭീതിയില്‍ ആള്‍ക്കാര്‍ തീന്‍മേശയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ചില കച്ചവടക്കാര്‍ പറയുന്നു. കൃഷി വ്യാപകമായതാണ് വിലത്തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ഭൂരിപക്ഷമതം. 

ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി കൃഷിചെയ്യണമെങ്കില്‍ 80000 മുതല്‍ 90000 രൂപവരെ ചെലവുവരും. 3000 മരച്ചീനി തണ്ട് ഒരേക്കറില്‍ നടാം. ശരാശരി മൂന്നുകിലോ വിളവ് ലഭിച്ചാലും ഇപ്പോഴത്തെ വിലവച്ച് പരമാവധി 90000 രൂപയേ കിട്ടൂ. മരച്ചീനികൃഷിയെ ആശ്രയിച്ച് ജീവിക്കാനാവില്ലെന്ന് ചുരുക്കം. 

MORE IN BUSINESS
SHOW MORE