പ്രത്യക്ഷനികുതി പിരിവില്‍ വന്‍ വര്‍ധനയെന്ന് ധനമന്ത്രാലയം

Thumb Image
SHARE

രാജ്യത്ത് പ്രത്യക്ഷനികുതി പിരിവില്‍ വന്‍ വര്‍ധനയെന്ന് ധനമന്ത്രാലയം. നടപ്പുസാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 18.2 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ യൂണിയന്‍ ബജറ്റില്‍ ആദായ നികുതി ദായകര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറി. പ്രത്യക്ഷ നികുതി നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടികളും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. 

നടപ്പുസാമ്പത്തികവര്‍ഷം ഡിസംബര്‍ വരെ ആറരലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനത്തില്‍ പിരിച്ചത്. മുന്‍ കാലയളവിനേക്കാള്‍ 18.2 ശതമാനം വര്‍ധന. മുന്‍കൂര്‍ നികുതി സമാഹരണത്തില്‍ പന്ത്രണ്ടര ശതമാനവും വര്‍ധനയുണ്ടായി. മൊത്തനികുതി വരുമാനത്തിലും പന്ത്രണ്ടര ശതമാനം വര്‍ധനയുണ്ടായതായും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ ബജറ്റില്‍ വന്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ബലപ്പെട്ടു. നിലവില്‍ രണ്ടരലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി ഇടാക്കുന്നില്ല. ഇത് മൂന്നുലക്ഷമെങ്കിലും ആക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. കഴിഞ്ഞ ബജറ്റില്‍ തന്നെ 80 സി പ്രകാരമുള്ള ഇളവുകളുടെ പരിധി ഉയര്‍ത്തുമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ജയ്റ്റ്‌ലി ഒഴിവാക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപവരെയാണ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്നത്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നും പ്രതീക്ഷയുണ്ട്. 

നികുതിയിളവുകള്‍ നല്‍കി സമ്പാദ്യം പ്രോല്‍സാഹിപ്പിക്കണമെന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപിത നയം. എന്നാല്‍ ഇളവ് നല്‍കുമ്പോള്‍ അത് ഖജനാവിെന എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് കണക്കുകൂട്ടേണ്ടിവരും. 

അന്‍പതുകൊല്ലത്തിലധികം പഴക്കമുള്ള പ്രത്യക്ഷ നികുതി കോഡ് പരിഷ്കരിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ നവംബറില്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. നിയമ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ആറംഗ സമിതിയെയും ധനമന്ത്രാലയം നിമിയിച്ചിട്ടുണ്ട്. സമിതി അടുത്ത മെയില്‍ മാത്രമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ. എന്നിരുന്നാലും ബജറ്റില്‍ പ്രത്യക്ഷ നികുതി നിയമം എത്തരത്തില്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി സൂചിപ്പിച്ചേക്കും. 

MORE IN BUSINESS
SHOW MORE