ബാങ്കുകൾ ശക്തിപ്പെടുത്തൽ സർക്കാരിന് വൻ ബാധ്യത

rupee-2
SHARE

പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്‌തിപ്പെടുത്തുന്നതിന് 1.35 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കാനുള്ള തീരുമാനം സർക്കാരിനു വരുത്തിവയ്‌ക്കുന്നതു വൻ ബാധ്യത. ഒരിക്കൽ പരീക്ഷിച്ചിട്ടു ഫലിക്കാതെ പോയ മാർഗമാണ് ആവർത്തിക്കാൻ പോകുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ആകെ 2.11 ലക്ഷം കോടി രൂപയുടെ ഉത്തേജക പദ്ധതിയാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.  ഇതിൽ 58,000 കോടി രൂപ വിപണിയിൽനിന്നു ബാങ്കുകൾതന്നെയാണു കണ്ടെത്തേണ്ടത്. 18,000 കോടി രൂപ ബജറ്റ് വിഹിതമായിരിക്കും. ബാക്കി 1,35,000 കോടി രൂപയ്‌ക്കു ‘‘റീക്യാപ്പിറ്റലൈസേഷൻ ബോണ്ടു’കൾ പുറപ്പെടുവിക്കാനാണു നീക്കം.  

പുനർമൂലധനവൽക്കരണ ബോണ്ടുകളിന്മേൽ സർക്കാരിനു നേരിടേണ്ടിവരുന്ന ചെലവ് ഏകദേശം 9000 കോടി രൂപയായിരിക്കുമെന്നു കണക്കാക്കുന്നു. ബോണ്ട് വിൽപനയിലൂടെ സമാഹരിക്കുന്ന തുക ധന കമ്മിയുടെ ഭാഗമായി മാറില്ല. എന്നാൽ പലിശച്ചെലവ് ധന കമ്മി വർധിപ്പിക്കും. ധന കമ്മി 3.2 ശതമാനത്തിൽ പിടിച്ചുനിർത്താൻ സർക്കാർ പെടാപ്പാടുപെടുമ്പോഴാണ്  ഈ അധിക ബാധ്യത. ബജറ്റ് വിഹിതമായി ഉദ്ദേശിക്കുന്ന 18,000 കോടി രൂപയും ഫലത്തിൽ സർക്കാരിനു ബാധ്യതയായിരിക്കും. 

തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ബാങ്കുകളുടെ പുനർമൂലധനവൽക്കരണത്തിന് 20,000 കോടി രൂപയുടെ ബോണ്ടുകൾ പുറപ്പെടുവിച്ചതാണ്. ബാങ്കുകളുടെ മൂലധന പര്യാപ്‌തത തൽക്കാലത്തേക്കു മെച്ചപ്പെട്ടതല്ലാതെ ഫലമുണ്ടായില്ലെന്നതു ചരിത്രം. പൊതു മേഖലയിലെ എണ്ണക്കമ്പനികളെ സഹായിക്കാൻ 2006ൽ 2000 കോടി രൂപയുടെ ബോണ്ട് പുറപ്പെടുവിച്ചതും സർക്കാരിന്റെ ബാധ്യത വർധിപ്പിക്കുക മാത്രമാണു ചെയ്‌തത്. 

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിൽ വലിയ മുന്നേറ്റം നടത്താനും നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ ഏറ്റെടുക്കാൻ തയാറുള്ള ധനസ്‌ഥാപനങ്ങളെ അതിന് അനുവദിച്ചു പൊതു മേഖല ബാങ്കുകളുടെ എണ്ണം ചുരുക്കാനും പൊതു മേഖല ബാങ്കുകളിൽ സർക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറയ്‌ക്കാനുമൊക്കെയുള്ള നടപടികളാണു പുനർമൂലധനവൽകരത്തെക്കാൾ ആവശ്യമെന്നു കരുതുന്ന സാമ്പത്തിക നിരീക്ഷകരും കുറവല്ല. 

റീക്യാപ് ബോണ്ട് എന്നാൽ 

പുനർമൂലധനവൽക്കരണം ലക്ഷ്യമിട്ടുള്ള കടപ്പത്രങ്ങൾക്കാണു ‘റീക്യാപ്പിറ്റലൈസേഷൻ ബോണ്ട്’് എന്നു പറയുന്നത്. ‘റീക്യാപ് ബോണ്ടുകൾ’ എന്നു ചുരുക്കി പറയുകയുമാവാം. 

റീക്യാപ് ബോണ്ടുകൾ മുഖവിലയിലും കുറഞ്ഞ വിലയ്‌ക്കായിരിക്കും പുറപ്പെടുവിക്കുക. പലിശ നിരക്ക് പൂജ്യം. ‘‘സീറോ കൂപ്പൺ ബോണ്ട്’’ എന്നു വേണമെങ്കിലും വിശേഷിപ്പിക്കാം. അതായത്, മുഖവില 100 രൂപയാണെന്നു കരുതുക. പുറപ്പെടുവിക്കുമ്പോഴത്തെ വില (ഇഷ്യു പ്രൈസ്) 90 രൂപയാണെന്നും സങ്കൽപിക്കാം. കാലാവധിയെത്തുമ്പോൾ മുഖവിലയ്‌ക്കായിരിക്കും ബോണ്ട് തിരിച്ചെടുക്കുക. അപ്പോൾ നിക്ഷേപകനു കൈവരുന്ന നേട്ടം 10 രൂപ. പലിശ എന്നു പറയുന്നില്ലെങ്കിലും ഫലത്തിൽ ഇതു സർക്കാരിനു പലിശച്ചെലവുതന്നെ. 

MORE IN BUSINESS
SHOW MORE