മറഞ്ഞിരിക്കുന്ന സർവീസ് ചാർജുകളെ ഭയക്കാതെ മൂന്നാറിലും ഇനി എടിഎം ഉപയോഗിക്കാം. തപാൽ വകുപ്പ് മൂന്നാർ പോസ്റ്റ് ഓഫിസിൽ പുതുതായി എടിഎം സംവിധാനം ഏർപ്പെടുത്തിയതോടെയാണിത്. മധ്യമേഖലയിലെ ഇരുപത്തി മൂന്നാമത്തെയും സംസ്ഥാനത്തെ അൻപത്താറാമത്തെയും പോസ്റ്റൽ എടിഎം ആണ് ഇന്നലെ മൂന്നാർ പോസ്റ്റ് ഓഫിസിൽ മധ്യമേഖല പോസ്റ്റ്മാസ്റ്റർ സുമതി രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തത്.
പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്ക് റുപ്പയെ കാർഡുകളാവും ഈ എടിഎംൽ ഉപയോഗിക്കാൻ നൽകുക. എന്നാൽ മറ്റ് ബാങ്കുകളുടെ കാർഡുകളും ഉപയോഗിക്കാനാവും. മറ്റ് ബാങ്കുകൾ ചുമത്തുന്ന സേവന നികുതികൾ, സേവനങ്ങളുടെ എണ്ണത്തിലെ നിയന്ത്രണം, മറ്റ് ചാർജുകൾ എന്നിവയൊന്നും ഇതിൽ ഉണ്ടാവില്ല.
രാജ്യത്ത് ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ കോർ ബാങ്കിങ് വഴി ബന്ധിപ്പിച്ചു കഴിഞ്ഞതായി മധ്യമേഖല പോസ്റ്റ് മാസ്റ്റർ സുമതി രവിചന്ദ്രൻ പറഞ്ഞു. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തനം രാജ്യവ്യാപകമാവുമ്പോൾ എല്ലാ പോസ്റ്റ് ഓഫിസുകളും പേയ്മെന്റ് ബാങ്ക് സേവന കേന്ദ്രങ്ങളായി മാറും.
ഇതിനു പുറമെ സംസ്ഥാന, മേഖല, ജില്ലാ തലത്തിൽ ആദ്യഘട്ടമായി 650 ശാഖകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ഇത് യാഥാർഥ്യമാവുന്നതോടെ ബാങ്കിങ് സൗകര്യങ്ങൾ ആധുനിക സൗകര്യങ്ങളോടെ ഉപയോക്താക്കളുടെ വാതിൽപ്പടിയിൽ ലഭ്യമാവുമെന്നും സുമതി രവിചന്ദ്രൻ പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ വി.കെ.രവീന്ദ്രനാഥ്, ജില്ലാ പോസ്റ്റൽ സൂപ്രണ്ട് കെ.കെ.ശിവശങ്കരപ്പിള്ള എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.