രാജ്യത്തെ സാമ്പത്തിക ഞെരുക്കം ആറുമാസത്തിനകം മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ദ് വീക്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുര്‍ബലനായ പ്രതിപക്ഷനേതാവാണെന്നും ഗഡ്കരി ആരോപിച്ചു. ദ് വീക്ക്, ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രൗഢോജ്വലമായ ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്ക്കദത്തിന്റെ ചോദ്യങ്ങള്‍ നേരിടുകയായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ ഗഡ്കരി തളളിപറഞ്ഞില്ല. ഇപ്പോഴത്തെ പ്രതിസന്ധി ആറുമാസത്തിനുളളില്‍ അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി. രാഹുലിന് മികച്ച ഉപദേശകരുടെ കുറവുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഗംഗാശുദ്ധീകരണം, രാജ്യത്തെ റോഡ് വികസനം തുടങ്ങി തന്റെ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഗഡ്കരി വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ മാംസാഹാരം കഴിക്കുന്നത് വിലക്കില്ല. രാജ്യത്ത് ഭക്ഷണസ്വാതന്ത്ര്യമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ബിജെപിയുടെ എതിരാളികള്‍ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ദ് വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യു, സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.