സോഫ്റ്റ്വെയര് ഭീമന് മൈക്രോസോഫ്റ്റ് പുതിയൊരു ഫോണിന്റെ നിര്മാണത്തിലാണെന്ന അഭ്യൂഹം കുറെ കാലമായി കേള്‍ക്കുന്നു. അവരുടെ സര്‍ഫസ് പിസികളുടെ വിജയത്തോടെ പുതിയ ഫോണിന്റെ പേര് സര്‍ഫസ് എന്നായിരിക്കുമെന്ന് സാങ്കേതികവിദ്യാ പ്രേമികള്‍ അങ്ങ് അനുമാനിക്കുകയും ചെയ്തു. പക്ഷെ, ഫോണ്‍ ഇതുവരെ പുറത്തു വന്നില്ല എന്നു തന്നെയല്ല, മൈക്രോസോഫ്റ്റ് മൊബൈല്‍ ഫോണ്‍ നിര്‍മാണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളും പരന്നിരുന്നു.
എന്നല്‍ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ഫോണുകളെങ്കിലും മൈക്രോസോഫ്റ്റ് ഇപ്പോള്‍ ടെസ്റ്റു ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ഇവ രണ്ടും സാധാരണ സ്മാര്‍ട്ട്ഫോണുകളുടെ രീതിയിലുള്ളവയാണത്രെ. അതുകൊണ്ടു തന്നെ ഇവയെ കമ്പനി വില്പ്പനയ്ക്കെത്തിക്കണമെന്നില്ല. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം മൈക്രോസോഫ്റ്റ് പുതിയതായി ഫയല്‍ ചെയ്ത സ്മാര്‍ട്ട്ഫോണ്‍ പേറ്റന്റില്‍ ഒരു ''വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസിനെ'' കുറിച്ചാണ് പറയുന്നത്. ഇത് മടക്കാവുന്ന രണ്ടോ മൂന്നോ സ്ക്രീന്‍ കഷണങ്ങള്‍ ഒരു തിരുകുറ്റിയില്‍ ഉറപ്പിച്ച സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. ആന്റിനയും സിം ട്രെയും ബാറ്ററിയും എല്ലാമുള്ള ഒന്ന്.
മൈക്രോസോഫ്റ്റ് പ്രധാനി സത്യ നഡെല പറയുന്നത് തങ്ങളുടെ ഫോണ്‍, ഇന്നത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രീതികളില്‍ നിന്നു മാറി, പുതിയൊരു സങ്കല്പ്പത്തിന് ഉയിരൂതുമെന്നാണ്. ഇതിന് സ്മാര്‍ട്ട് ഫോണിന്റെ ഒതുക്കവും ടാബ്ലറ്റിന്റെ വിശാലതയും ഒരു ടെന്റ് പോലെ മടക്കി ഡെസ്കില്‍ വയ്ക്കാനുള്ള സാധ്യതയും എല്ലാം കാണുമത്രെ. അതൊക്കെ നല്ല കാര്യമാണ്. പക്ഷെ, ഈ ഫോണ്‍ കമ്പനിക്കുള്ളില്‍ മാത്രമെ കാണുകയുള്ളോ അതോ പുറത്തെത്തുമോ എന്നത് ഇപ്പോഴും തീര്‍ച്ചപ്പെടുത്താനാകാത്ത കാര്യമാണ്.