അഞ്ചുമിനിറ്റിനുള്ളിൽ ബിസിനസ് ലൈസൻസ് ! ഇൻസ്റ്റന്റ് ലൈസൻസ് സംവിധാനം ദുബായ് ഇക്കണോമിയുടെ ബിസിനസ് റജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് (ബിആർഎൽ) വിഭാഗം ഉദ്ഘാടനം ചെയ്തു.
കമ്പനി ഓഫിസിന്റെ വാടകക്കരാർ, പ്രവർത്തിക്കുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ച രേഖകൾ ആദ്യം വേണ്ട; പിറ്റേവർഷം ലൈസൻസ് പുതുക്കുമ്പോൾ സമർപ്പിച്ചാൽ മതി. ബിസിനസ് റജിസ്ട്രേഷൻ നടപടികൾക്കും ലൈസൻസിനും വേണ്ട സമയം 90% കുറയ്ക്കുന്നതാണു പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പൊതുമേഖലാസ്ഥാപനങ്ങൾ, ഓഹരി പങ്കാളിത്തമുള്ള കമ്പനികൾ എന്നിവയ്ക്കു പുതിയ സംവിധാനം വഴി റജിസ്റ്റർ ചെയ്യാനാവില്ല. ദുബായ് ഇക്കണോമിയുടെ ഔട്ട് സോഴ്സിങ് സെന്ററുകൾ, ഹാപ്പിനെസ്, സ്മാർട് ലോഞ്ചുകൾ തുടങ്ങിയ വഴി അപേക്ഷ നൽകാം.
ഇൻസ്റ്റന്റ് ലൈസൻസിന് വേണ്ടത്
∙ ബിസിനസ് പങ്കാളികളിൽ ഒരാളെങ്കിലും നേരിട്ട് ഹാജരാകണം.
∙ എല്ലാ ബിസിനസ് പങ്കാളികളുടെയും മാനേജരുടെയും പാസ്പോർട്ട്, വീസ പകർപ്പുകൾ, സ്പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, കമ്പനി സംബന്ധിച്ച വിശദാംശങ്ങൾ.
∙ കച്ചവട ലൈസൻസാണെങ്കിൽ സ്മാർട് ലോഞ്ച് വഴിയോ വെബ്സൈറ്റ് വഴിയോ നടപടികൾ പൂർത്തിയാക്കാം.
ജോലിക്കും ജീവിതത്തിനും ലോകത്ത് ഏറ്റവും യോജിച്ച നഗരമായി 2021 ആകുന്നതോടെ ദുബായ് മാറണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിന്റെ ചുവടു പിടിച്ചാണ് നൂതനപദ്ധതികൾ.