എയര്‍ ഇന്ത്യ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം ബിസിനസ് ക്ലാസില്‍ മാത്രമാക്കി ചുരുക്കി. ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് സസ്യഭക്ഷണമാണ് നൽകുന്നത്. ചെലവുചുരുക്കല്‍ ലക്ഷ്യമിട്ടെന്നാണ് വിശദീകരണം. അതേസമയം, രാജ്യാന്തര സർവീസുകൾക്ക് ഈ തീരുമാനം ബാധകമാവില്ല. മാത്രമല്ല, ആഭ്യന്തര സർവീസുകളിലെ ബിസിനസ്, ഫസ്റ്റ് ക്ലാസുകളെയും ഈ തീരുമാനം ബാധിക്കില്ല.
രണ്ടാഴ്ചയ്ക്കുമുൻപേ തന്നെ ഇതിനായുള്ള തീരുമാനം എയർ ഇന്ത്യ ബോർഡ് എടുത്തതാണെന്നാണ് സൂചന. 90 മിനിറ്റിൽ താഴെയുള്ള യാത്രയ്ക്ക് മാംസാഹാരം നൽകുന്നത് എയർ ഇന്ത്യ ആറു മാസങ്ങൾക്കുമുൻപേ നിർത്തിയിരുന്നു. സാലഡുകൾ വിളമ്പേണ്ടെന്നും യാത്രക്കാർക്കായി കുറച്ചുമാസികകൾ മാത്രം വിമാനത്തിൽ കൊണ്ടുപോയാൽ മതിയെന്നും എയർ ഇന്ത്യ കഴിഞ്ഞ മാസം തീരുമാനം എടുത്തിരുന്നു.