ആദായനികുതി സമർപ്പിക്കുന്നതിന് അത്യാവശ്യമായ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽവന്നു. ആദായനികുതി വകുപ്പിന്റെ ഇ–ഫയലിങ് വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ആധാർ ചേർക്കാൻ ആദായനികുതി വകുപ്പിന്റെ ഹോംപേജിൽ പ്രത്യേക ലിങ്കുണ്ട്. https://incometaxindiaefiling.gov.in/ എന്ന വെബൈസൈറ്റ് തുറക്കുമ്പോൾ തന്നെ ആധാർ ചേർക്കാനുള്ള ലിങ്ക് കാണാം. ലിങ്ക് തുറന്നശേഷം പാൻ, ആധാർ നമ്പർ, ആധാറിലെ പേര് എന്നിവ അതതു കോളങ്ങളിൽ രേഖപ്പെടുത്തണം. അപ്പോൾ യുഐഡിഎഐയിൽ നിന്നു സന്ദേശം ലഭിക്കും. ചെറിയ പിഴവുണ്ടായാൽ ആധാർ ബന്ധിപ്പിക്കൽ നടക്കില്ല. മൊബൈലിലേക്കും ഇമെയിലിലേക്കും അയക്കുന്ന ഒറ്റത്തവണ സന്ദേശം ഉപയോഗിച്ചാലേ തുടർസേവനം ലഭ്യമാകൂ.
ജനനത്തീയതി, ലിംഗം എന്നിവ പാൻ കാർഡിലും ആധാറിലും ഒരുപോലെയാകണം. ഇതിനായി പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല. പാൻ കാർഡുള്ള ആർക്കും സൈറ്റിൽ കയറി ആധാറുമായി ബന്ധിപ്പിക്കാമെന്നാണ് വിശദീകരണം. ജൂലൈ ഒന്നുമുതൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.
Advertisement