എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം നാലു ദിവസം എസ്ബിഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിക്കും. മേയ് ആറ്, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ നിശ്ചലമാകുക.
രാത്രി 11.30 മുതൽ പിറ്റേന്നു രാവിലെ ആറു വരെയാണ് ഇടപാടുകൾ സ്തംഭിക്കുക. ഡേറ്റ ലയനം ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച പൂർത്തിയാകുന്നതിനാൽ ശാഖകളിലെ ഇടപാടുകളെ ബാധിക്കില്ല.
അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റ സംയോജനത്തിൽ ആദ്യം തിരഞ്ഞെടുത്തതു എസ്ബിടിയെ ആയിരുന്നു. ഇതു വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് എസ്ബിഐ അധികൃതർ വ്യക്തമാക്കി. എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഇന്നലെ മുതൽ ഒറ്റ ശൃംഖലയിലാണു പ്രവർത്തിക്കുന്നത്.
മൊബൈൽ ബാങ്കിങ് സംബന്ധിച്ച പരാതികളുമായി ഇന്നലെ ശാഖകളിൽ ഇടപാടുകാർ എത്തി. ഇവ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിട്ടുണ്ട്.