രാജ്യത്തെ ടെലികോം മേഖലയിൽ വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ പുതിയ വഴികളാണ് തേടുന്നത്. വൻ ഓഫറുകളും ആനുകൂല്യങ്ങളും വാരിക്കോരി നൽകിയ ജിയോ വരിക്കാരെ വിസ്മയിപ്പിക്കുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം വിമാനത്തിൽ യാത്ര ചെയ്യുന്ന ജിയോ വരിക്കാർക്ക് നിരക്കിൽ 15 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 20 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാൻ ഈ മാസം തന്നെ ബുക്ക് ചെയ്യുന്ന ജിയോ വരിക്കാർക്ക് എയർ ഏഷ്യയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം എയർഏഷ്യയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്.
രാജ്യത്തിനു അകത്തും പുറത്തേക്കുമുള്ള ടിക്കറ്റുകളിൽ 15 ശതമാനം ഇളവ് നൽകും. എയർഏഷ്യയുടെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. ഇന്ത്യയിൽ ഇത്തരമൊരു ഓഫർ ആദ്യമായാണ് അവതരിപ്പിക്കുന്നത്. നിലവിൽ ജിയോയ്ക്ക് 12.5 കോടി വരിക്കാരാണുള്ളത്. ഇത്രയും പേർക്ക് ഈ ഓഫർ സ്വന്തമാക്കാൻ സാധിക്കും.