രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് റിലയൻസ് ജിയോയുടെ പുതിയ പ്രഖ്യാപനം. മാസങ്ങൾക്ക് മുൻപ് തുടങ്ങിവെച്ച ജിയോ ഓഫർ പെരുമഴ ഇപ്പോഴും തുടരുകയാണ്. പ്രൈം മെംബർഷിപ്പും കുറഞ്ഞ നിരക്കുകളും നേടാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി.
ഏപ്രിൽ 15നകം ജിയോ പ്രൈം മെബർഷിപ്പും ഒപ്പം 303 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാർജ് പ്ലാനും എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കു കൂടി സൗജന്യ സർവീസ് നീട്ടി നൽകുന്ന ജിയോ സമ്മർ സർപ്രൈസാണ് പ്രധാന പ്രഖ്യാപനം. ഈ പദ്ധതിയിൽ പെടുന്നവർക്ക് ജൂലൈ ഒന്നു മുതൽ മാത്രമേ വാടകയടച്ച തുകയ്ക്കുള്ള ഉപയോഗം കണക്കാക്കിത്തുടങ്ങുകയുള്ളൂ.
ജിയോ പ്രൈം സ്കീം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒറ്റ മാസം കൊണ്ട് ജിയോയുടെ പ്ലാനുകൾ പണമടച്ചു തിരഞ്ഞെടുത്ത വരിക്കാരുടെ എണ്ണം 7.2 കോടി ആയതായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.