വനംവകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ചവിട്ടേറ്റു; കാലിന് പരുക്ക്

thekkadielephant-30
SHARE

ഇടുക്കി തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്ക്. തേക്കടി ഫോറസ്റ്റ് ഡിവിഷനിലെ സീനിയർ ക്ലർക്ക് റോബി വർഗീസിനെ ആന ചവിട്ടി. കാലിന് ചവിട്ടേറ്റ റോബിയെ ഗുരുതര നിലയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഭാത സവാരിക്കിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. തേക്കടി ബോട്ട് ലാന്റിങ്ങിന് സമീപത്തെ കെടിഡിസി ഹോട്ടലിനടുത്ത് വെച്ച് ആനക്കൂട്ടത്തെ കണ്ട് റോബി വർഗീസ് ഭയന്ന് ഓടുകയായിരുന്നു. നിലത്തുവീണ റോബി എഴുന്നേൽക്കും മുൻപ് കാട്ടാനക്കൂട്ടം അടുത്ത് എത്തുകയും ഒരു ആന കാലിൽ ചവിട്ടി നടന്നു പോവുകയുമായിരുന്നു. 

വീഴ്ചയുടെ ആഘാതത്തിൽ വലതു വാരിയെല്ലുകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റു. കുമളിയിലും കട്ടപ്പനയിലും ആയി ആശുപത്രികളിൽ ചികിത്സ നൽകി. പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തേക്കടിയിലെ പ്രഭാത സവാരിയും സൈക്കിൾ സവാരിയും താൽക്കാലികമായി നിരോധിച്ചു. അപകട സമയത്ത് മറ്റു ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും അവിടെ ഉണ്ടായിരുന്നില്ല. സ്ഥിരമായി വിനോദസഞ്ചാരികൾ ഉൾപ്പെടെ തേക്കടി ബോട്ട് ലാൻഡിങ്ങിലേക്ക് കടന്നു പോകുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്. അതിനാൽ, വനം വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

 Wild elephant attack in Thekkady division office

MORE IN BREAKING NEWS
SHOW MORE