കണ്ണൂർ വി.സിക്കെതിരെ വ്യാപകപരാതികള്‍; നടപടി ഗവര്‍ണറുടെ പരിഗണനയില്‍

Kannur-VC
SHARE

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി എടുക്കുന്നത് ഗവര്‍ണറുടെ പരിഗണനയില്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിന്‍റെ സര്‍വകലാശാലയിലെ നിയമനം, അക്കാദമിക സമിതികളുടെ രൂപീകരണം, ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ തുടങ്ങാനുള്ള ശുപാര്‍ശ എന്നിവയില്‍ വിസി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പരാതിയാണ് രാജ്ഭവന്‍ പരിശോധിച്ചു വരുന്നത്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ സര്‍വകലാശാല നിയമങ്ങളും യുജിസി ചട്ടങ്ങളും ലംഘിക്കുന്നുവെന്ന പാരാതികളാണ് ഗവര്‍ണരുടെ മുന്നിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായി നിയമനം നല്‍കിയത് ക്രമവിരുദ്ധമായാണെന്ന പരാതിയില്‍ പത്തു ദിവസത്തിനകം വിസി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. കൂടുതല്‍ അധ്യാപനപരിചയം, അക്കാദമിക യോഗ്യതകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയുള്ളവരെ പിന്‍തള്ളി അസോസിയേറ്റ് പ്രൊഫസര്‍നിയമന റാങ്ക് പട്ടികയില്‍ ഡോ.പ്രിയക്ക് ഒന്നാം റാങ്ക് നല്‍കി എന്നാണ് പരാതി. വിസിയുടെ വിശദീകരണം പരിശോധിച്ചശേഷം കൂടുതല്‍ അന്വേഷണത്തിന് ഒരു സമിതിയെയോ വിദഗ്ധനെയോ ചുമതലപ്പെടുത്തുന്നുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിക്കും. 

ഡോ.ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പുനര്‍നിയമനത്തിന് ശേഷം 72 അക്കാദമിക സമിതികൾ വി.സി നേരിട്ട് രൂപീകരിച്ചു. ഗവർണർ നേരിട്ട് നടത്തേണ്ട നാമനിർദ്ദേശങ്ങൾ സർവ്വകലാശാലയ്ക്ക് എങ്ങിനെ ചെയ്യാനാവുമെന്ന് വിശദീകരിക്കാൻ വി.സിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സിന്‍ഡിക്കേറ്റിന്‍റെ സമ്മതമില്ലാതെ കണ്ണൂര്‍സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുതിയ ആര്‍ട്ട്സ് അന്‍ഡ് സയന്‍സ് കോളജിന് അനുവാദം നല്‍കാന്‍ ശുപാര്‍ശചെയ്തതും വിവാദമായി.  ഈ അധ്യയന വര്‍ഷം തന്നെ പുതിയ കോളജിന് അഫലിയേഷന്‍ നല്‍കാന്‍ വി.സി.സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. 

MORE IN BREAKING NEWS
SHOW MORE