കാലവര്‍ഷം കനത്തു; അടുത്ത 5 ദിവസം കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്

kerala-rain-05
SHARE

കാലവര്‍ഷം ശക്തമാകുന്നു. സംസ്ഥാനത്ത് പരക്കെ മഴ. അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലം മുങ്ങി കോതമംഗത്ത് ആദിവാസി കുടികള്‍ ഒറ്റപ്പെട്ടു. അടുത്ത അഞ്ചു ദിവസം കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപില്‍ രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി വീടുകളില്‍ വെളളം കയറി. 

എത്താനൊരല്പം വൈകിയെങ്കിലും കാലവര്‍ഷം കരുത്തുകാട്ടിത്തുടങ്ങി. ഇടുക്കി, തൃശൂര്‍. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒാറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഇടുക്കിയില്‍ മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് തകര്‍ന്നത്. കുടുംബാംഗങ്ങള്‍ നേരിയ പരുക്കുകളോടെ രക്ഷപെട്ടു. പാമ്പ്ള ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നൽകി. കോട്ടയം പൊന്‍പളളിയില്‍ മരം വീണ് കളത്തിപ്പടി സ്വദേശി ജിനുവിന്റെ കാറ് തകര്‍ന്നു.

ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ പുനലൂർ -മൂവാറ്റുപുഴ പാതയുടെ  സംരക്ഷണഭിത്തി തകർന്നു . നിര്‍മാണം നടക്കുന്ന ഭാഗത്താണ് അപകടം. കോതമംഗലത്ത് മണികണ്ഠൻചാൽ പാലം മുങ്ങി. ഈ പ്രദേശത്തേയ്ക്കുളള ഏക യാത്രാമാര്‍ഗം അടഞ്ഞതോടെ ആദിവാസി കുടികൾ ഒറ്റപ്പെട്ടു. വയനാട് കുറിച്യാര്‍ മലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയ്ക്കൊപ്പം കടല്‍ക്ഷോഭം രൂക്ഷമായതോടെ കൊല്ലം, അഴീക്കല്‍ ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. ബീച്ചിലേക്കുളള റോഡുകള്‍ കെട്ടിയടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി. മരുത്തടി വളവിൽത്തോപ്പ് ഭാഗത്ത് കടലാക്രമണത്തിൽ റോഡിന് കേടുപാടുകളുണ്ടായി. ട്രോളിങ് നിരോധനമാണെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ പരമ്പരാഗത മീന്‍പിടിത്തവും വിലക്കി.

നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ ഒന്‍പത് ജില്ലകളിലും  ഒാറഞ്ച് അലര്‍ട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദമായി മാറിയേക്കും.  കേരള തീരത്തും കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

MORE IN BREAKING NEWS
SHOW MORE