ജനാധിപത്യം അപകടത്തിലെന്ന് കോണ്‍ഗ്രസ്; പൊട്ടിത്തെറിയിലെ പ്രതികരണങ്ങള്‍

yechoori-rahul-swami
SHARE

ഇന്ത്യയുടെ നീതിന്യായചരിത്രത്തിലെ അസാധാരണ വെളിപ്പെടുത്തലുകളില്‍ ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വവും രണ്ടുതട്ടില്‍. ജുഡീഷ്യറിയെ ശുദ്ധീകരിക്കുന്ന ചരിത്രനിമിഷമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍, നീതിന്യായ ചരിത്രത്തിലെ കറുത്തദിവസമെന്നായിരുന്നു എതിരഭിപ്രായം. മുതിര്‍ന്ന അഭിഭാഷകരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. 

ജനാധിപത്യം അപകടകരമായ അവസ്ഥയിലെത്തിയതെന്ന ടാഗ് ലൈനോടെയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. ജഡ്ജിമാരുടെ വെളിപ്പെടുത്തലുകളെ ആശങ്കയോടെയാണ് കാണുന്നതെന്ന് മുഖ്യപ്രതിപക്ഷപാര്‍ട്ടി വ്യക്തമാക്കി. നേരിട്ടുള്ള പ്രതികരണങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ടുനിന്നെങ്കിലും, വെളിപ്പെടുത്തല്‍ നടത്തിയ ജഡ്ജിമാരെ വിമര്‍ശിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി എം.പിയായ സുബ്രമണ്യന്‍ സ്വാമിയുടെ പ്രതികരണം.  

ജഡ്ജിമാര്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 

ചീഫ് ജസ്റ്റിസ്, പദവി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നാലു ജഡ്ജിമാരും ഉത്തരവാദിത്തപരമായാണ് പെരുമാറിയതെന്നും മുതിര്‍ന്നഅഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നും എല്ലാം പെട്ടെന്നു പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍നിയമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. എന്നാല്‍, വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച് സുപ്രീംകോടതിമുന്‍ജഡ്ജി ആര്‍.എസ് സോധി, മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം എന്നിവര്‍ രംഗത്തെത്തി. 

വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം വെളിപ്പെടുത്തലുണ്ടായതെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി മുകുല്‍ മുഗ്ദലും മുതിര്‍ന്നഅഭിഭാഷകന്‍ കെ.ടി.എസ് തുളസ‌ിയും പറഞ്ഞു. ജുഡീഷ്യറിയിലെ തെറ്റായകാര്യങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനം ശക്തമായ തീരുമാനമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് പ്രതികരിച്ചു. ജഡ്ജിമാര്‍ ഒരുമിച്ചിരുന്നു പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. 

സുപ്രീം കോടതിയിലെ സംഭവങ്ങള്‍ ഖേദകരവും ദുഖകരവുമെന്ന്  മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍.  ഇത്തരം സംഭവങ്ങള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.  ജനങ്ങള്‍ക്ക് സംശയം ഉണ്ടാക്കും. ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അഭിപ്രായഭിന്നത പരിഹരിക്കണമെന്നും ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ നടപടി വേണമെന്നും ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കൊളീജിയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് ചേരണമെന്ന്  ജസ്റ്റിസ് കെ.ടി.തോമസ് മനോരമന്യൂസിനോട് പറഞ്ഞു. പ്രതിഷേധം സുപ്രീംകോടതിയുടെ പൊതുവികാരമാണ്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് കരുതുന്നില്ലെന്നും അദേഹം കോട്ടയത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടി അപലപനീയമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ സി.എസ്.രാജന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.